2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

കന്നഡ കവിത


വെളിമ്പറമ്പിലെ ഉറക്കം
മൂഡ്നാകൂഡു ചിന്നസ്വാമി

ഉറക്കമെന്നു പറഞ്ഞാൽ
ഇങ്ങനെയായിരിക്കണം:
നട്ടുച്ചവെയിലത്ത്
പണിചെയ്തു തളർന്ന ശരീരം
കൈയും കാലും നീട്ടി
ഉടൽ അൽപം ചുരുക്കി
പറമ്പിന്റെ വരമ്പത്ത് തലചായ്ച്ച്
മെല്ലെ കറുകക്കാറ്റു വീശുമ്പോൾ
കൂർക്കം വലിച്ച്.

തുറസ്സായ സ്ഥലത്ത്
മതിമറന്നുറങ്ങുന്ന ഉറക്കം
ഇങ്ങനെയായിരിക്കണം.

പുൽപ്പൊന്തയിൽ നിന്നു പാഞ്ഞുവന്ന
പച്ചിലപ്പാമ്പ്
ഉടലിലാകെ ഇഴഞ്ഞു നടന്നിട്ടും
ഒരു കോട്ടവും തട്ടാത്ത ഉറക്കം.
കറുമുറെ പുല്ല് തിന്നുന്ന കാള
മുത്തി മണത്തിട്ടും
ദേഹമനങ്ങാതെ അങ്ങനെ

മോഹങ്ങൾ ഉണ്ടെങ്കിലല്ലേ
കിനാവുകൾ പിന്തുടരുന്നത്
പാപഭയം അലട്ടുമ്പോഴല്ലേ
ഞെട്ടിവിറയ്ക്കുന്നത്;
കിനാവിൽ
പച്ചിലപ്പാമ്പ് കണ്ണിൽ കൊത്തുന്നത്;
കാള കൊമ്പിൽ കൊരുത്ത്
അങ്ങുമിങ്ങും എടുത്തെറിയുന്നത്.

ശുദ്ധമായ ഇരുപത്തിനാലു ക്യാരറ്റ് ഉറക്കം
എന്നു പറഞ്ഞാൽ
പാവപ്പെട്ടവന്റെ വെളിമ്പറമ്പിലെ ഉറക്കമാണ്.

                                                                                      
 വിവ: തേർളി.എൻ.ശേഖർ,
             ഫാസിൽ
                                
 Mudnakudu chinnaswamy's poem translated from kannada by Therly.N.Shekhar and Fazil.                                  

1 അഭിപ്രായം: