2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

പ്രണയ കവിതകൾ ‌ - നിസാർ ഖബ്ബാനി






എന്റെ പ്രണയമേ
നിസാർ ഖബ്ബാനി

                                                                             
                                                                             
                                                                                
                                                                              
                                                                            










നീ
എന്റെ  ഉന്മാദത്തിന്റെ
തലത്തിലായിരുന്നുവെങ്കിൽ 
എന്റെ  പ്രണയമേ, 
ഉപേക്ഷിക്കേണ്ടി വരുമായിരുന്നു
നിന്റെ ആഭരണങ്ങളത്രയും.
ബ്രേസ്ലെറ്റുകൾ വിൽക്കേണ്ടിയും
എന്റെ മിഴികളിൽ
ഉറങ്ങേണ്ടിയും വരുമായിരുന്നു.
               * * *

താരതമ്യ പ്രണയം
നിസാർ ഖബ്ബാനി




                                                                           










നിന്റെ മറ്റു കാമുകർക്ക്
സദൃശനല്ല ഞാനോമനേ
മറ്റേയാൾ നിനക്കൊരു മേഘത്തെ തന്നാൽ
ഞാൻ നിനക്ക് മഴയാണു നൽകുക.

അവൻ നിനക്കൊരു റാന്തൽ തരികയാണെങ്കിൽ
ഞാൻ നിനക്ക് ചന്ദ്രനെ നൽകും
അവൻ നിനക്കൊരു ചില്ല നൽകുന്നുവെങ്കിൽ
ഞാൻ നിനക്ക് വൃക്ഷങ്ങൾ നൽകും
ഇനി മറ്റൊരാൾ നിനക്കൊരു നൗക നൽകിയാൽ
ഞാൻ നിനക്ക്  യാത്ര തരികതന്നെ ചെയ്യും.
                 * * *



ഞാൻ പ്രണയിക്കുമ്പോൾ
 നിസാർ ഖബ്ബാനി









                                                         


പ്രണയിക്കുമ്പോൾ
ഞാനാണു  കാലത്തിന്നധിപതിയെന്നു
തോന്നിപ്പോകുന്നു. 
ഭൂമിയും അതിലെ സകല വസ്തുക്കളും
എന്റെ അധീനത്തിലാകുന്നു
ഞാൻ എന്റെ കുതിരപ്പുറത്ത്
സൂര്യനിലേക്കു സഞ്ചരിക്കുന്നു.
           

പ്രണയിക്കുമ്പോൾ
ഞാൻ മിഴികൾക്ക് അപ്രാപ്യമായ
ദ്രാവകപ്രകാശമായി മാറുന്നു
എന്റെ നോട്ടുബുക്കിലെ കവിതകൾ
*കറുപ്പിന്റെയും തൊട്ടാവാടികളുടെയും
വയലുകളായി മാറുന്നു.
         


ഞാൻ പ്രണയിക്കുമ്പോൾ
എന്റെ വിരലുകളിൽ നിന്ന്

ജലം കുത്തിയൊഴുകുന്നു.

എന്റെ നാക്കിൽ പുല്ലുകൾ വളരുന്നു

ഞാൻ പ്രണയിക്കുമ്പോൾ

കാലങ്ങൾക്കെല്ലാം പുറത്ത്

മറ്റൊരു കാലമായി ഞാൻ മാറുന്നു.
       

ഞാൻ ഒരു സ്ത്രീയെ പ്രണയിക്കുമ്പോൾ
എല്ലാ വൃക്ഷങ്ങളും

എനിക്കു നേരേ

നഗ്നപാദരായി ഓടിവരുന്നു.

* opium (poppy) plant












                                                                            













      
                                           

2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

വസന്തങ്ങൾക്കിടയിലെ ഋതുപ്പകർച്ചകൾ





         വസന്തങ്ങൾക്കിടയിലെ ഋതുപ്പകർച്ചകൾ

  വിഖ്യാത കൊറിയൻ ചലച്ചിത്രകാരനായ കിംകിഡുകിന്റെ ‘spring summer
 fall winter... and spring’ എന്ന ചലച്ചിത്രം പേരു സൂചിപ്പിക്കുന്നതു 
പോലെത്തന്നെ രണ്ടു വസന്തങ്ങൾക്കിടയിലെ ഋതുക്കളുടെ കഥ പറയുന്നു. കൊറിയൻ പ്രകൃതിയുടെ ഋതുപ്പകർച്ചകളല്ല കിംകിഡുക്കിന്റെ വിഷയമെന്നു മാത്രം. വൃദ്ധനായ ഒരു ബുദ്ധഭിക്ഷുവിനേയും അയാളുടെ ശിഷ്യനേയും കേന്ദ്രീകരിച്ചാണ് ഈ സിനിമ വികസിക്കുന്നത്. ശിഷ്യന്റെ ജീവിതത്തിന്റെ വിഭിന്ന ഋതുക്കളുടെ കഥയാണ് സിനിമയുടെ വിഷയം. ഈ ഓരോ ഋതുവും 10 മുതൽ 15 വർഷം വരെയെങ്കിലും ദൈർഘ്യമുള്ളതാണു താനും.
   വന്യപ്രകൃതിയുടെ നടുവിൽ നിലകൊള്ളുന്ന വലിയൊരു വാതിലിനെ പശ്ചാത്തലമാക്കി കൊണ്ടാണ് സിനിമയുടെ ടൈറ്റിൽസീനുകൾ തെളിയുന്നത്.
ആത്മീയതയുടെ കവാടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കവാടത്തിലൂടെ കടന്നുവേണം ബുദ്ധനിലേക്ക്, ആത്മവിദ്യയിലേക്ക്, നിർവാണത്തിലേക്ക് സഞ്ചരിക്കുവാൻ. ജ്ഞാനത്തിലേക്കും അതുവഴി കരഗതമാകുന്ന കരുണയിലേക്കുമുള്ള യാത്ര പക്ഷെ ഒരനിവാര്യതയല്ല ; കവാടത്തിന് ഇരുപുറവും സ്വതന്ത്രമായി, തുറസ്സായി കിടക്കുന്നു. എന്നാൽ ജ്ഞാനവും കരുണയും ലക്ഷ്യമാക്കുന്നവർ തുറസ്സുകളെ, അവ വാഗ്ദാനം ചെയ്യുന്ന അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെ അവഗണിക്കുക തന്നെ വേണം.
   ആത്മീയതയുടെ ഈ കവാടം സിനിമയുടെ ആദ്യ ഋതുവായ വസന്തത്തിലേക്ക് ഞരങ്ങിത്തുറക്കുമ്പോൾ തടാകത്തിലെ വിശാലമായ ജലപ്പരപ്പും അതിനു നടുവിലുള്ള ചെറിയ ബുദ്ധവിഹാരവും കാഴ്ചയാവുന്നു. കൂടെ പ്രകൃതിയുടെ ധ്വനിസാന്ദ്രമായ നിശ്ശബ്ദതയും ജലത്തിന്റെയും കാറ്റിന്റെയും മർമ്മരങ്ങളും നമുക്ക് അനുഭവിക്കാനാവുന്നു. ഈ വസന്തം ശിഷ്യന്റെ ബാല്യം കൂടിയാണ്.
     ശാകുന്തളത്തിലെ ആശ്രമ പ്രകൃതിയെ അനുസ്മരിപ്പിച്ചുകൊണ്ട് ജലത്തിലെയും മണ്ണിലേയും സകല ചരാചരങ്ങളും അവിടെ താളൈക്യത്തോടെ കഴിയുന്നു. ഗുരുവും ശിഷ്യനും ആ പ്രകൃതിയുടെ താളത്തിൽ നിമഗ്നരായാണ് ജീവിച്ചിരുന്നതും. തടാകത്തിലെ ജലപ്പരപ്പും കാട്ടാറുകളുടെ സംഗീതവും  സ്വർണ്ണമത്സ്യങ്ങളും കാറ്റിന്റെ മർമ്മരങ്ങളും മഞ്ഞും മഴയും പാമ്പും തവളയുമൊക്കെ ശിഷ്യന്റെ ബാല്യത്തിനു മാന്ത്രികമായ ചാരുതയേകുന്നു. ആ പ്രകൃതിയുടെ താളം താൽക്കാലികമായെങ്കിലും തകർത്തുകൊണ്ടാണ് ഹിംസ പ്രത്യക്ഷപ്പെടുന്നത്. ആശ്രമജീവിതം നയിക്കുന്ന ബാലനിലൂടെ ഹിംസയെ പ്രത്യക്ഷപ്പെടുത്തിയതിലൂടെ മനുഷ്യപ്രകൃതിയിൽ തന്നെ ഹിംസയെ കിംകിഡുക് അടയാളപ്പെടുത്തുന്നു.
 മത്സ്യത്തിന്റെയും പാമ്പിന്റെയും തവളയുടെയും ശരീരത്തിൽ കല്ല് കെട്ടിവെച്ച് അവയുടെ ക്ലേശകരമായ സഞ്ചാരങ്ങൾ കണ്ട്  ആനന്ദിക്കുന്ന ശിഷ്യന്റെ മുതുകിൽ ഭാരമേറിയ കല്ല് കെട്ടിവെച്ച് ഗുരു അവനെ അവന്റെ കൃത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു. താൻ പീഢിപ്പിച്ചുവിട്ട ജീവികളെ തിരഞ്ഞ് അവൻ പ്രകൃതിയിലേക്ക് ഇറങ്ങുന്നു. മുതുകിൽ പാറക്കല്ലുമായി രൂക്ഷമായ കാനനപ്രകൃതിയിലേക്കിറങ്ങുന്ന കുട്ടി തവളയെ മോചിപ്പിക്കുന്നു. പാമ്പിന്റെയും മത്സ്യത്തിന്റെയും ജഢങ്ങൾ കണ്ടെത്തുന്ന ബാലൻ ഉറക്കെ വിലപിക്കുന്നു .മുതുകിലെ പാറക്കല്ലിന്റെ ഭാരത്തിൽനിന്നു മോചിതനായെങ്കിലും ആ കല്ലിന്റെ ഭാരം അവന്റെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടുന്നു.
  
   ഗ്രീഷ്മം ആസക്തികളുടെ ഋതുവാണ്. സർപ്പങ്ങൾ ഇണചേരുന്ന ദൃശ്യത്തിലേക്ക് നോക്കിനിൽക്കുന്ന ടീനേജുകാരനായ ശിഷ്യനിൽ നിന്നു ഗ്രീഷ്മാസക്തികൾ തുടങ്ങുന്നു.
ഏതാനും മിനിറ്റുകൾക്കു ശേഷം വനപാതയിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ച ഒരമ്മയേയും മകളേയും കാണുന്നു. അയാൾ അവരെ തോണിയിൽ കയറ്റി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു. രോഗിയായ മകൾക്ക് ചികിത്സ തേടിയെത്തിയതായിരുന്നു അവർ. അവളുടെ ആത്മാവ് രോഗാതുരമാണെന്ന് ഗുരു കണ്ടെത്തുന്നു. അമ്മ മകളെ ആശ്രമത്തിൽ താമസിപ്പിച്ച് മടങ്ങുന്നു. ഇതോടെ ഗ്രീഷ്മാസക്തികളുടെ ജ്വാലകൾ ആശ്രമാന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്നു. വനത്തിനകത്തെ പരുക്കൻ പാറക്കെട്ടുകളിലൊന്നിൽ അവർ വന്യമായി ഇണചേരുന്നതിന്റെയും ശേഷം വിശ്രാന്തിയനുഭവിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട് സിനിമയിൽ. എന്നാൽ ആസക്തികളുടെ അന്ത്യമായിരുന്നില്ല അത്. മറിച്ച് ആരംഭമായിരുന്നു. കാര്യം മനസ്സിലാക്കിയ ഗുരു പെൺകുട്ടിയെ തിരിച്ചയക്കുന്നു.  ആസക്തികൾ മനുഷ്യനെ ഹിംസയിലേക്ക് നയിക്കുന്നുവെന്ന്  ശിഷ്യനെ ബോധ്യപ്പെടുത്തുവാൻ ഗുരു ശ്രമിക്കുന്നുവെങ്കിലും അത് വിജയിക്കുന്നില്ല. അവൻ
കാമുകിയെത്തേടി ആശ്രമം വിടുന്നു. ആശ്രമത്തിലെ ബുദ്ധവിഗ്രഹവും അയാൾ കൂടെ കൊണ്ടുപോകുന്നു. തന്റെ ആത്മാവിന്റെ പ്രതിരൂപമെന്നു തോന്നിയതു കൊണ്ടാവണം പോകുന്ന വഴിയിൽ ആശ്രമത്തിലെ പൂവങ്കോഴിയെ അയാൾ സ്വതന്ത്രമാക്കുന്നു.
     ഹേമന്തത്തിൽ കൊലപാതകിയായി ഭ്രാന്തുപിടിച്ച് യുവാവായ ശിഷ്യൻ തിരിച്ചെത്തുന്നു. തങ്ങളുടെ ആസക്തികൾ ആളിപ്പടർന്ന വനഭൂമിയിൽ അയാൾ അലറി വിളിച്ച് അലഞ്ഞുനടക്കുന്നു. ഗുരു അയാളുടെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് എത്തുന്നു. ശിഷ്യനെ യാത്രയാക്കിയ ഗുരു സ്വയം ചിതയൊരുക്കി അനുഷ്ഠാനപരമായ ആത്മഹത്യ വരിക്കുന്നതോടെ ഹേമന്തത്തിന്റെ വാതിൽ അടയുന്നു.
     ശിശിരത്തിൽ ശിക്ഷ കഴിഞ്ഞു ശിഷ്യൻ (മുതിർന്ന ഈ ഭിക്ഷുവിന്റെ വേഷം സംവിധായകൻ തന്നെയാണ് ചെയ്തിരിക്കുന്നത്)  തിരിച്ചെത്തുന്നതോടെ ആശ്രമം വീണ്ടും സജീവമാകുന്നുണ്ട്. അയാൾ ഗുരുവിന്റെ പാത പിന്തുടർന്ന് കഠിന പരിശീലനങ്ങളിലൂടെ കടന്നുപോകുന്നു. കാലം കടന്നുപോകവേ ഒരു നാൾ തുണികൊണ്ട് മുഖം മറച്ച് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ആശ്രമത്തിലെത്തുന്നു. കുഞ്ഞിനെ ആശ്രമത്തിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയിൽ അവൾ ആശ്രമത്തിലേക്ക് ജലമെടുക്കുന്ന ഹിമക്കുഴിയിൽ വീണുമരിക്കുന്നു.
 അരയിൽ കയർത്തുമ്പിൽ കൊളുത്തിയ ഭാരവുമായി യോഗി ഉറഞ്ഞുകിടക്കുന്ന   
തടാകത്തിനു മുകളിലൂടെ, ചെങ്കുത്തായ കുന്നിൻചെരുവുകളിലൂടെ യാത്ര ചെയ്യുന്നു.
ആ യാത്രയിൽ ബാല്യത്തിലെ ഹിംസയുടെ ചിത്രങ്ങൾ അയാളുടെ മനസ്സിൽ നിരന്തരം തെളിഞ്ഞു മറയുന്നുണ്ട്.
കൊറിയൻ നാടോടിഗാനമായ അരിരാങ്ങി(Arirang)ന്റെ അകമ്പടിയോടെയുള്ള ഈ സ്വയംപീഢനങ്ങളിലൂടെ അയാൾ ശരീരത്തിൽ ഒരു കഥാർസിസ് സാധ്യമാക്കുന്നു.
ക്രൂരതയുടെ, ഹിംസയുടെ ആസക്തികളുടെ ആവിഷ്കാരങ്ങൾ കിംകിഡുക്കിന്റെ സിനിമാലോകത്ത് സുലഭമാണ്. ക്രൂരതയും ഹിംസയും ആസക്തികളും തന്നെയാണ് മനുഷ്യപ്രകൃതിയെന്നും കിമ്മിന്റെ സിനിമകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് അനുഭവപ്പെടും. മനുഷ്യന്റെ ഹിംസയുടെയും ആസക്തികളുടെയും അസ്ഥിവരെ സ്പർശിച്ചറിഞ്ഞ കലാകാരനാണ് കിംകിഡുക്. അത്തരത്തിലുള്ള ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയുടെ ഭാവിയെക്കുറിച്ച് ശുഭവിശ്വാസിയാവുക
എളുപ്പമല്ല. ലോകം നിറഞ്ഞുനിൽക്കുന്ന ഹിംസയുടെ ഇരുട്ടിൽ പ്രകാശം ചൊരിയുവാൻ ഉള്ളിലെ അഗ്നികളെ വീണ്ടെടുക്കുക വഴി മനുഷ്യരാശിയ്ക്കു കഴിയുമെന്ന കിമ്മിന്റെ പ്രത്യാശയാണ് ഈ ചിത്രത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന
തോന്നൽ മനസ്സിൽ ദീപ്തമാവുമ്പോൾ മുന്നിൽ ഭാവിയുടെ കൂരിരുട്ടിൽ ദൂരെ ചില ചെറുപ്രകാശങ്ങൾ പ്രത്യക്ഷപ്പെടുന്നതായി നാം അറിയുന്നു. ആ കാഴ്ച നൽകുന്ന
ആശ്വാസവും പ്രത്യാശയും ചെറുതല്ല.
ചിത്രത്തിന്റെ അവസാന ഋതുവായ വസന്തത്തിൽ ആശ്രമത്തിൽ വീണ്ടും ബാല്യത്തിന്റെ പാദപതനങ്ങളുയരുന്നു. ശിശിരത്തിൽ ഹിമക്കുഴിയിൽ വീണുമരിച്ച സ്ത്രീയുടെ ശിശു ബാല്യത്തിൽ എത്തിയിരിക്കുന്നു. തടാകത്തിൽനിന്നു കയറിയെത്തിയ ഒരാമയെ പീഢിപ്പിച്ചുകൊണ്ട് അവന്റെ പൊട്ടിച്ചിരി ഉയരുന്നു. ആ പൊട്ടിച്ചിരി പ്രേക്ഷകനെ അവന്റെ മുൻഗാമിയെക്കുറിച്ച് ഓർമ്മിപ്പിക്കുമ്പോൾ ഋതുചക്രം പൂർത്തിയായി സിനിമ അവസാനിക്കുന്നു.      


2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

റൂമിയുടെ വാക്ക്

കന്നഡ കവിത 
എച്.എസ്.ശിവപ്രകാശ്  

തയ്യാറായിരുന്നു ഈ മുന്തിരിക്കള്ള്
ലോകത്തു മുന്തിരിത്തോട്ടങ്ങള്‍
പിറക്കുന്നതിനും മുമ്പേ.

ശേഷിച്ചിരിക്കും ഈ മുന്തിരിക്കള്ള് 
ലോകത്തിലെ മുന്തിരിത്തോട്ടങ്ങള്‍ 
മരിച്ചതിനു ശേഷവും.