2009, ഡിസംബർ 20, ഞായറാഴ്‌ച

നരയിഴ

  
 മുടി ഒതുക്കുവാന്‍
കണ്ണാടിയില്‍ നോക്കിയപ്പോള്‍
ഓര്മിപ്പിക്കലിന്റെയൊരു
നേര്‍ത്ത നരയിഴ.
കാലസത്യമായി ചിരിക്കുന്നു
സ്ഥലകാല വിഭ്രമങ്ങള്‍
ഒട്ടുമില്ലാതെ
 2 
നിന്റെ പടപ്പുറപ്പാട്കാലത്തോ
അകാലത്തോ?
വൈകിയെന്നോതുന്നതാരോ!
നിശ്ചയം ,സന്തുഷ്ടനാണ് ഞാന്‍
ഷണ്‍ഡ കാലത്തിന്റെ സന്തതി.
എന്നിലെന്തുണ്ട്? 
നെഞ്ചിലെ ചാരം വിരിഞ്ഞ കനല്‍ 
സഹനം തളര്‍ത്തിയ രക്തവേഗങ്ങള്‍ 
ഭയം മുദ്രവെച്ച നാക്കിന്റെ വീര്യം 
ഫ്രീസറില്‍ വെച്ച ഹൃദയക്ഷോഭങ്ങള്‍
അജീര്‍ണങ്ങളായ പ്രണയജഡങ്ങള്‍ 
നെഞ്ചു കലക്കുന്ന സങ്കടത്തിരകള്‍ 
വായ്ക്കകത്തുള്ള ഈരേഴു ലോകം 
വരിയുടച്ച പ്രഭാതസ്വപ്നങ്ങള്‍......
കവരുവാനുണ്ടെറെ,യീവിധം മിത്രമേ!
വരിക വരിക 
എവിടെ നിന്‍ സന്നാഹങ്ങള്‍ 
വെളുത്ത 
ആന കുതിര തേര്‍ കാലാള്പ്പടകള്‍
വെളുവെളുത്ത കൊടിയടയാളം 
വരിക വരിക മിത്രമേ,
നിനക്കോതുന്നു സ്വാഗതം 
ഈ പെരിയ നരയവതാരം



'ഒന്നുമായില്ല അല്ലെ?' 
 കാലസത്യമായി ചിരിക്കുന്നു
നരയിഴ.
കണ്ണാടിയില്‍ നോക്കി
മുടിയൊതുക്കുമ്പോള്‍
മനസ്സില്‍
പപ്പട വട്ടത്തിലൊരു പൂജ്യം
സുന്ദരാകാരം
പൂര്‍ണ്ണം .
അരുത് നീ
നിന്‍ ചിരി
കഠിന ചോദ്യങ്ങള്‍
വലിച്ചുമാറ്റല്ലെന്‍ പ്രിയ പുതപ്പുകള്‍ 
പുറത്ത്തുകാട്ടല്ലേ
ഒടിഞ്ഞ ജീവിതം....
ചിരിക്കുന്നൂ വീണ്ടും കരുണയറ്റവന്‍.
ഞാന്‍ ചങ്ങാതിയില്ലാത്തവന്‍
കഴിയുന്നതെങ്ങനെ 
കണ്ണാടിയില്ലാതെ .
തൊടുക്കുന്നു 
ചോദ്യങ്ങളായിരം
കണ്ണാടി നോക്കുമ്പോള്‍ 
തിമിര കണ്ണാല്‍ അവന്‍ 
മഹാകാലമൂര്‍ത്തി.


4


ഇവ്വിധം അലട്ടുകള്‍ ഉണര്‍ത്തിയ
നേര്‍ത്ത നരയിഴ
ഇപ്പോള്‍
വിരല്ത്തുമ്പുകള്‍ക്കിടയില്‍
 ചോദ്യങ്ങള്‍ ഒടുങ്ങി
വേരറ്റ് .