2016, ജൂൺ 9, വ്യാഴാഴ്‌ച

പിൻബെഞ്ച്

പിൻബെഞ്ച് 
മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ കവിത ഇന്ന് കാലത്തോട് അടുപ്പം കാണിക്കുന്നുണ്ട്. സമൂഹത്തിന്റെ ബഹുസ്വരങ്ങൾ വലിയ ഒരളവു വരെ കവിതയിൽ നിന്നുയരുന്നു. ഒട്ടൊക്കെ ജനാധിപത്യവൽക്കരിക്കപ്പെട്ട ഒരിടം കവിതയിൽ പ്രത്യക്ഷപ്പെടുന്നു. ‘സൈബർസ്പേസ്നൽകിയ വലിയ ഒരു സാദ്ധ്യതയാണത്.
ജുനൈദ് അബൂബക്കറിന്റെ കവിതകളുടെ രംഗപ്രവേശം കവിതയുടെ ചരിത്രസന്ധിയെ സ്പർശിച്ചുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. കവിതകളിൽ പ്രകൃതിയും ജീവിതവും പലപാട് ചിതറിക്കിടക്കുന്നു; താൻ ജനിച്ച കുടിയേറ്റ ഗ്രാമത്തിൽനിന്ന് പട്ടുപോയ മരങ്ങൾ തൊട്ട് സൈബർ ജീവിതവും മനുഷ്യജീവിതത്തിന്റെ വർത്തമാനകാല നിസ്സഹായതകളും വരെ.നീദൈവത്തിൽ വിശ്വസിക്കുന്നുവോ പടക്കളത്തിൽ മൂകനായ് മരുന്നിൽ മയങ്ങി, അന്ധനായ് ചോരച്ചാലിൻ നടുവിൽ                              പ്രതീക്ഷകളുടെ ചാരവുമായി നിൽക്കുന്ന 
വിഭ്രാന്തനായ ദൈവത്തെ
എന്ന് കവിത ചോദിക്കുന്നത് അത്തരമൊരു നിസ്സഹായാവസ്ഥയിലാണ്.
കാതെത്ര കൂർപ്പിച്ചാലും  ചിലത് നമ്മൾ കേൾക്കാതെ പോകാം      തീവണ്ടി ചൂളംവിളികളീൽ മുങ്ങി, ഒരമ്മയുടെ അച്ഛന്റെ, ആങ്ങളയുടെ…………….. എന്നും ജുനൈദിന്റെ കവിത വർത്തമാനത്തെ അടയാളപ്പെടുത്തുന്നു.
കലാപങ്ങളിലും യുദ്ധങ്ങളിലും കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കളെക്കൊണ്ട് ദൈവം മരിച്ചവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഹൂറികൾ മാത്രമുള്ള, നഴ്സറി സ്ക്കൂളുകളില്ലാത്ത ദൈവരാജ്യത്തിൽ കുരുന്നാത്മാക്കളെക്കൊണ്ട് അയാൾ വേറെന്തു ചെയ്യാനാണ്? എന്ന് കവിത ദൈവത്തിന്റെ നിസ്സഹായത ചുമക്കുന്നു.                   
കവിതയിലൂടെ ജുനൈദ് നമുക്കായി കൊണ്ടുവരുന്ന ജീവിതാനുഭവങ്ങൾക്കിടയിൽ ഇയാൾ ഒളിച്ചുകടത്തുന്ന ഒന്ന് പ്രവാസമാണ്. ഇയാൾ മുരിങ്ങച്ചുവട്ടിലെ നിലാവിനെച്ചൊല്ലി വിലപിക്കുന്നില്ല. ഒറ്റപ്പെടുന്നിടത്തൊക്കെ അയാൾ ലോകത്തിന്റെ പലഭാഗത്തുനിന്നെത്തിയ സമാനജീവിതങ്ങളുമായി ഐക്യപ്പെട്ട് ആശ്വാസം കണ്ടെത്തുന്നുണ്ട്. എന്നാൽ തീക്ഷ്ണമായ മരണഭീതി ഇയാളെ പ്രവാസാനുഭവം എന്ന നിലയിൽ വിടാതെ പിന്തുടരുന്നു. സമാഹാരത്തിലെ പല കവിതകളിലൂടെയും കടന്നുപോവുമ്പോൾ അത് അനുഭവമാകുന്നു. താരീഖ് മസൂദിന്റെഒന്റാർജാത്രഎന്ന സിനിമയിലെ ഒരു രംഗം ജുനൈദിനെ വായിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഓർമ്മയിലെത്തി. പ്രവാസിയായ പേരക്കിടാവുമൊത്ത് നടക്കുന്നതിനിടയിൽ സിനിമയിലെ മുത്തശ്ശൻ ഡാക്കാ നഗരത്തിന്റെ പ്രാന്തത്തിലുള്ള പഴയ ഒരു ശ്മശാനം കാണിച്ചുകൊടുക്കുന്നു. കോളനിവാഴ്ചക്കാലത്തെ ഇംഗ്ലീഷുകാരുടേതാണ് അത്. അതിനകത്തെ കല്ലറകളിലും സ്മാരകശിലകളിലുമുള്ള ജനനമരണകാലങ്ങൾ വായിച്ചുനോക്കുവാൻ മുത്തശ്ശൻ പറയുന്നു, നാല്പതിൽ കൂടുതൽ പ്രായം ഒരാൾക്കുപോലും ഉണ്ടാവില്ല, അവരൊന്നും യുദ്ധത്തിൽ മരിച്ചവരല്ല, പരദേശവും കാലാവസ്ഥയും ചേർന്നാണ് അവരെ ചെറുപ്പത്തിലേ കൊന്നുകളഞ്ഞത്. തന്റേതല്ലാത്ത ആകാശവും ഭൂമിയും തന്നെ കൊന്നുകളഞ്ഞേക്കുമോയെന്ന് ഭയക്കുന്ന ഒരാളുടെ സാന്നിധ്യം കവിതകളിലുണ്ട്. പ്രവാസജീവിതത്തിന്റെ മഹാഭയങ്ങളിലൊന്നാണത്. ജുനൈദിനു നന്ദി.

പിൻബെഞ്ച് 
ജുനൈദ് അബൂബക്കർ 
ലോഗോസ്ബുക്സ്‌  
വില 60രൂപ