2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

നെൽക്കതിർ

നെൽക്കതിർ

ബത്തീനിലും മൻസിലിലുമൊക്കെയായി അബുദാബി നഗരത്തിൽ കുറെയേറെ തത്തകളുണ്ട്. നഗരത്തിരക്കിലൂടെ നടക്കുന്നതിനിടയിൽ പെട്ടെന്ന് തലയ്ക്കുമുകളിൽ നെഞ്ചിൽ കൊളുത്തിവലിക്കുമ്പോലെയുള്ള ശബ്ദമുയരും. നിമിഷനേരത്തേക്ക് ഒരു പുഞ്ചവയൽ വരമ്പിലേക്ക് തെറിച്ചുവീണ് മുഖമുയർത്തും. അറിയാതെ പഴയ സുൽത്താനെ ഓർത്തുപോകും. മരങ്ങൾ വെച്ചുപിടിപ്പിച്ചും തെരുവോരങ്ങളിൽ പുൽത്തടങ്ങളും പൂച്ചെടികളും വെച്ചുപിടിപ്പിച്ചും ഈ മരുനഗരത്തെ ഉദ്യാനസമാനമാക്കി
യ വലിയ മനുഷ്യൻ. തത്തകളെ കൊണ്ടുവന്ന് നഗരത്തിൽ തുറന്നുവിട്ടതും അദ്ദേഹമായിരുന്നത്രേ. ഇത് മിത്തോ യാഥാർത്ഥ്യമോയെന്ന് അറിയില്ല.
ഇതിസലാത്ത് ഹെഡ് ഓഫീസിനടുത്തുള്ള വലിയ പള്ളിയുടെ കോമ്പൗണ്ടിൽ പഴയ കൽ വിളക്കിനരികെ ഏകാകിയും ചിന്തകനുമായ ഒരെണ്ണത്തെ കഴിഞ്ഞയാഴ്ച കണ്ടു;പേരറിയാത്ത ഒരു മരത്തിന്റെ കൊമ്പിൽ വിചാരമഗ്നനായി ഇരിക്കുകയായിരുന്നു. എന്റെ കാലൊച്ച കേട്ടാവണം കക്ഷി മുഖമുയർത്തി. പിന്നെ 'ശടപടേ'ന്ന് ഒരു ചോദ്യം:
'അല്ല സാർ, നെൽക്കതിർ എന്നാൽ എന്താണ്?'
'എന്തേ ചോദിക്കാൻ?'
'ഞങ്ങളുടെ ഒരു മുതുമുത്തശ്ശി അങ്ങനെ ഒന്നിനെക്കുറിച്ച് മരണസമയത്ത് പറഞ്ഞിട്ടുണ്ട്. കുറേ കാലം മുമ്പാണ്. ഒരു പക്ഷെ അത് അവരുടെ അന്ത്യാഭിലാഷമായിരുന്നിരിക്കണം. അന്നും അത് എന്താണെന്ന് ഈ നഗരത്തിലെ തത്തകൾക്ക് മനസ്സിലായില്ല. പക്ഷെ ആരും അത് മറന്നില്ല. തലമുറകളിലൂടെ പകർന്ന് അത് എന്താണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.'
നെൽക്കതിരിനെ കക്ഷിയ്ക്കുമുന്നിൽ സമർത്ഥമായി എങ്ങനെ അവതരിപ്പിക്കാമെന്ന് ചിന്തിക്കുവാൻ ഞാൻ ഒരു നിമിഷമെടുത്തു. അപ്പോഴേയ്ക്ക് ബഹളമുണ്ടാക്കിക്കൊണ്ട് മരക്കൊമ്പിൽ ഒരു സംഘം കുഞ്ഞു കിളികളെത്തി. നമ്മുടെ ചിന്തകന് അതത്ര ഇഷ്ടപ്പെട്ടല്ല്ലെന്നു തോന്നുന്നു.'പിന്നെ കാണാ'മെന്നു പറഞ്ഞ് കക്ഷി പറന്നുപോയി.പിന്നെ കണ്ടിട്ടില്ല.
വരും വരാതിരിക്കില്ല.