2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

കന്നഡ ദളിത്‌ കവിത

ചെരിപ്പും ഞാനും 
മൂഡ്‌നാകൂഡു ചിന്നസ്വാമി 

ഞാന്‍ ക്ഷേത്രത്തിലേക്കു പോകുമ്പോള്‍ 
ചെരിപ്പുകള്‍ പുറത്തുവെക്കാറില്ല;
എന്നെത്തന്നെ പുറത്തുവെക്കും.

ചെരിപ്പുകുത്തിയുടെ കാലുകളില്‍ 
ചെരിപ്പുകള്‍ കണ്ടാല്‍ 
മനുഷ്യന്‍ പട്ടിയെ കടിച്ചതുപോലുള്ള
ഒരപൂര്‍വ വാര്‍ത്തയാകുന്നു.

ചെരിപ്പുകള്‍ തട്ടിക്കുടയുന്ന 
എല്ലാവരുടെ കാലുകളും 
എന്‍റെമേല്‍ അമര്‍ന്നിഴയുന്നു;
ഞാനൊരു ചെടിയും 
ചെരിപ്പുകള്‍ എന്‍റെ വേരുകളുമെന്ന് 
അവര്‍ക്ക് മനസ്സിലാവുകയില്ല.

വരണ്ട നീര്‍ക്കുഴിയിലേക്ക് 
കഴുത്തു നീട്ടുന കൊക്കിനെപ്പോലെ 
വിരല്‍ത്തുമ്പുകളില്‍ എഴുന്നുനിന്ന്
ഞാന്‍ ദൈവരൂപത്തെ എത്തിനോക്കുന്നു;
കാണാന്‍ കഴിയുന്നതത്രയും  കവര്‍ന്നെടുക്കുന്നു.
ഫണക്കുട നിവര്‍ത്തുകയും 
മൃദു മെത്തയായി നിവരുകയും ചെയ്ത 
ഡസന്‍കണക്കിന് തലകള്‍ക്കിടയില്‍
തിളങ്ങുന്ന മകുടമണി 
ഒരിക്കല്‍ ഞാന്‍ കണ്ടു;
വജ്രം പതിപ്പിച്ച കിരീടം
ആ കണ്‌ഠഹാരം, പൂണൂല്‍ .....

മണിമുഴക്കി
ആരതി ഉഴിയുമ്പോള്‍
എന്‍റെ കാല്‍ക്കീഴിലെ ചെരിപ്പുകള്‍ 
കാഞ്ഞ ഇരുമ്പിന്റെതാവുന്നു
എന്‍റെ വിശക്കുന്ന  ഉടല്‍
ജ്വാലകളില്‍ വെന്തെരിയുന്നു.

തന്‍റെ അകലം കാത്തുസൂക്ഷിക്കുന്ന 
കൂറുള്ള  ആ കൊടിമരത്തെ
എനിക്കിഷ്ടമാണ് 
അതിനുമുന്നിലുള്ള ധൂപക്കുറ്റിയില്‍
സാമ്പ്രാണിയെരിയിച്ച്
ഇത്തിരി പുകയുയര്‍ത്തുമ്പോള്‍
ഞാന്‍ കൃതാര്‍ഥനാവുന്നു.

തേവരുടെ അടുത്തു ചെന്ന് 
ദക്ഷിണ കൊടുക്കുകയും 
പ്രദക്ഷിണം വെക്കുകയും ചെയ്യുന്നവര്‍ 
ഇമയനക്കാതെ 
ഇടയ്ക്കിടെ 
എന്നെത്തന്നെ നോക്കിനില്‍ക്കും;
എന്‍റെ മനസ്സ് തേവരില്‍ മാത്രം
 
അവര്‍ കോവിലില്‍ നിന്ന്‍ 
പൂവും ചന്ദനവും സ്വീകരിക്കുന്നു 
പക്ഷെ അവരുടെ ആത്മാവ് 
പുറത്ത് അഴിച്ചുവെച്ച 
ചെരിപ്പുകളുടെ അടുത്ത്;
എന്നും നടയില്‍ നിന്ന്‍ 
കഴുത്തു നീട്ടി എത്തിനോക്കി 
സുകൃതനാകുന്ന എന്‍റെ ആത്മാവ് 
അകത്ത് 
തേവരുടെ അടുത്ത്.

മൊഴിമാറ്റം: തേര്‍ളി.എന്‍ .ശേഖര്‍ ,ഫാസില്‍