2011, ഡിസംബർ 10, ശനിയാഴ്‌ച

അറബ് കവിത

വേനലിൽ 
നിസാർ ഖബ്ബാനി
വേനലിൽ                                                               
ഞാൻ തീരത്തു നിവർന്നു കിടന്ന്
നിന്നെക്കുറിച്ച് ഓർത്തു
നിന്നെച്ചൊല്ലി അനുഭവിക്കുന്നതെന്തെന്ന്
കടലിനോടു ഞാൻ പറഞ്ഞിരുന്നുവെങ്കിൽ
കടൽ ഉപേക്ഷിക്കുമായിരുന്നു
അതിന്റെ തീരങ്ങളെ
ചിപ്പികളെ
മത്സ്യങ്ങളെ
പിന്നെ,
എന്നെ പിന്തുടരുമായിരുന്നു.





പ്രണയിനി ചോദിക്കുന്നു
നിസാർ ഖബ്ബാനി

എന്റെ പ്രണയിനി ചോദിക്കുന്നു:
എനിക്കും ആകാശത്തിനും തമ്മിലെന്തരം?
നിനക്കും ആകാശത്തിനും തമ്മിൽ…….
എന്റെ പ്രണയമേ,
നീ ചിരിക്കുമ്പോൾ 
ഞാൻ ആകാശത്തെ മറക്കുന്നു.

2011, ഡിസംബർ 1, വ്യാഴാഴ്‌ച

മനോരോ (അയ്‌റ്റ അധ്യാപിക )


ഫിലിപ്പീന്‍സിലെ ആദിമ  ജന വര്‍ഗ്ഗങ്ങളില്‍   ഒന്നാണ് അയ്‌റ്റ(Aeta / ayta )കള്‍ .1991ല്‍  ഉണ്ടായ   പിനാടുബോ(Mt pinatubo ) അഗ്നിപര്‍വ്വത സ്ഫോടന ഫലമായി പിനാടുബോ പര്‍വ്വതത്തില്‍ താമസിച്ചിരുന്ന അയ്‌റ്റകള്‍ക്ക് വലിയ ദുരിതങ്ങള്‍ നേരിടേണ്ടി വന്നു. ലോകത്തിലെ മറ്റു ആദിമ ജനവര്‍ഗ്ഗങ്ങളെപ്പോലെ പൊതുധാരയില്‍ നിന്ന്  അകറ്റപ്പെട്ടവരാണ്  അയ്‌റ്റകളും. സ്വതവേ അംഗസംഖ്യ കുറഞ്ഞ ഈ വര്‍ഗ്ഗത്തിന് അഗ്നിപര്‍വ്വതസ്ഫോടനത്തിന്‍റെ ഫലമായി വലിയ ആള്‍നാശമുണ്ടായി. കുടിലുകളും കൃഷി ഭൂമികളും അവര്‍ വേട്ടയാടിയിരുന്ന കാടും കാട്ടുമൃഗങ്ങളുമൊക്കെ   ലാവാപ്രവാഹത്തില്‍  ചാരമായിപ്പോയി .സ്പാനിഷ്‌ അധിനിവേശ കാലത്ത് തങ്ങളുടെ ജീവനും മാനവും സംസ്കാരവും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനായി മലകയറിയ അയ്‌റ്റകളില്‍ ഒരു വിഭാഗത്തിന് നൂറ്റാണ്ടുകള്‍ക്കു ശേഷം അങ്ങനെ  മലയിറങ്ങേണ്ടി വന്നു. താഴ്‌വരയില്‍ താമസിക്കുവാന്‍ തുടങ്ങിയ ഇവരിലെ പുതിയ തലമുറയ്ക്ക് ഒരു സന്നദ്ധ സംഘടന നടത്തിയ സാക്ഷരതാ സെമിനാറിലൂടെ എഴുതാനും വായിക്കുവാനും കണക്കു കൂട്ടുവാനുമുള്ള പരിശീലനം ലഭിച്ചു. ഈ യുവ അയ്‌റ്റകള്‍ അവരുടെ സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളെ എഴുത്ത്  പരിശീലിപ്പിക്കുവാന്‍ ശ്രമിച്ചു. സ്വന്തം പേര് എഴുതാന്‍ പഠിച്ചതുകൊണ്ട്   ചരിത്രത്തില്‍ ആദ്യമായി ഫിലിപ്പീന്‍സിലെ രാഷ്ട്രീയ പ്രക്രിയകളില്‍ 1992ല്‍ പങ്കെടുക്കുവാന്‍അയ്‌റ്റകള്‍ക്ക് കഴിഞ്ഞു. 
2004 ലെ പൊതു ഇലക്ഷന്റെ പക്ഷാത്തലത്തിലാണ് ബ്രില്ലാന്റെ മെന്‍ഡോസ( Brillantes mendoza) യുടെ Manoro (teacher) എന്ന സിനിമ രൂപം കൊള്ളുന്നത്. ഡോക്യുഫിക്ഷ്യന്‍ സ്വഭാവമുള്ള ഈ സിനിമയിലെ   തൊണ്ണൂറ്റിയഞ്ചു ശതമാനം സംഭാഷണവും അയ്‌റ്റകളുടെ ഗോത്രഭാഷയിലാണ്. ബാക്കി തഗലോഗും ഇംഗ്ളീഷും.
 2004  ആകുമ്പോഴേക്ക് കാര്യങ്ങള്‍ കുറേക്കൂടി മുന്നോട്ടു പോയിരുന്നു. ഒരു സംഘം  അയ്‌റ്റ കുട്ടികള്‍ക്ക് ടൌണിലെ പബ്ളിക് സ്ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു. അവരില്‍ ആദ്യ സംഘം എലിമെന്ററി കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്നു.  ജോലാനീല്‍ അബ്ലോന്‍ഗ്  (jonalyn ablong) എന്ന അയ്‌റ്റ പെണ്‍കിടാവാണ്  മനോരോ എന്ന സിനിമയിലെ നായികനടിയും മുഖ്യ കഥാപാത്രവും. അവളുടെ അച്ഛനും മുത്തച്ചനും അമ്മയുമൊക്കെ ഈ സിനിമയില്‍ അവരായിത്തന്നെ വേഷപ്പകര്‍ച്ചകളില്ലാതെ പ്രത്യക്ഷപ്പെടുന്നു.കൂടെ  അയ്‌റ്റ സമുദായത്തിലെ  മറ്റംഗങ്ങളും . 
ഇലക്ഷന്റെ തലേന്ന്  എലിമെന്ററി പരീക്ഷ പാസ്സായി തന്‍റെ ഗ്രാമത്തിലെത്തുന്ന ജോനാലീന്‍ തന്‍റെ കൈയിലുള്ള സാമ്പിള്‍ ബാലറ്റുകള്‍ ഉപയോഗിച്ച് തന്‍റെ സമുദായത്തിലെ മുതിര്‍ന്നവരെ വോട്ടു ചെയ്യുവാന്‍ പരിശീലിപ്പിക്കുന്നു. പ്രസിഡന്ഷ്യല്‍ ഇലക്ഷന് മൂന്ന് സ്ഥാനാര്‍ഥികളാണ്  ഉണ്ടായിരുന്നത്. Gloria Macapagal Arroyo (GMA) , Fernado Poe Jr.(FJP), Ping Lacson (Lacson) 
ഇവരുടെ പേരിന്റെ ചുരുക്കരൂപമാണ് ബാലറ്റില്‍ എഴുതേണ്ടത്. തിരക്കിട്ട ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്   തന്‍റെ മുത്തച്ചനെ 
കണ്ടില്ലെന്നു അവള്‍ ഓര്‍ക്കുന്നത്. അദ്ദേഹം ഇത്തവണ വോട്ടു ചെയ്യാമെന്ന് സമ്മതിച്ചിരുന്നതാണ് . അന്വേഷിച്ചപ്പോള്‍ അദ്ദേഹം കാട്ടില്‍ വേട്ടയ്ക്ക് പോയതാണെന്ന് അറിയുന്നു. അച്ഛനെയും കൂട്ടി അവള്‍ കാട്ടിലേക്ക് പോകുന്നു. അച്ഛന്‍ കാടുകയറുമ്പോള്‍ അവള്‍  കാടിനോട്‌ ചേര്‍ന്നു താമസിക്കുന്ന തന്‍റെ  വര്‍ഗ്ഗക്കാരെ എഴുത്ത് പഠിപ്പിക്കുന്നു. മുതിര്‍ന്നവരില്‍ പലരും പോളിങ്ങിനു പുറംതിരിഞ്ഞു നിന്നു. അവര്‍ അത് സമയം പാഴാക്കാനുള്ള എന്തോ  ഒന്നായി കണ്ട് ഭക്ഷണം തേടാനും മറ്റു  ജോലികള്‍ക്കുമായി പോയി.     
പോളിംഗ് തുടങ്ങിയപ്പോള്‍ അവള്‍ തന്‍റെ മാതാപിതാക്കളുമായി ബൂത്തിലെത്തുന്നു. അവിടെ കണ്ട കാഴ്ചകള്‍ അവളെ ദുഖിപ്പിക്കുന്നു. ക്യൂവില്‍ നിന്നിരുന്നവരില്‍ പലരും വോട്ടര്‍മാരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. അവസരം കിട്ടിയിരുന്നവരില്‍ പലര്‍ക്കും അത് ശരിയായ വിധത്തില്‍ വിനിയോഗിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. അവള്‍ പോളിംഗ് ബൂത്തിന്റെ വരാന്തയില്‍ ഖിന്നയായി ഇരിക്കുന്നു. അന്നേരത്താണ്  ജനാധിപത്യത്തിന്റെ ഈ മഹോത്സവത്തിലേക്ക് പണം കടന്നുവരുന്നത്‌. വോട്ടു ചെയ്യാന്‍ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് രഹസ്യമായി പണം കൈമാറുന്ന കാഴ്ച അവളെ നിരാശയാക്കുന്നു. അവളുടെ കണ്ണു നിറയുന്നു. 
അപ്പോഴാണ്  മുത്തച്ഛന്‍ കാടിറങ്ങി വരുന്നത് അവള്‍ കണ്ടത്. അവള്‍ക്ക് തലേന്ന് മുത്തച്ചനെ  കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. അയാളുടെ ചുമലില്‍ വേട്ടയാടിപ്പിടിച്ച ഒരു കൂറ്റന്‍ പന്നിയുണ്ടായിരുന്നു. അയാള്‍ പേരക്കിടാവിനെയും  കൂട്ടി 
വീട്ടിലേക്കു നടക്കുന്നു.
രാത്രിയില്‍ നടക്കുന്ന ഗോത്രജനതയുടെ  ആഘോഷങ്ങളിലേക്കാണ് അവര്‍ നടന്നു ചെല്ലുന്നത്. ആട്ടവും പാട്ടും തീറ്റിയും കുടിയുമായി ആഘോഷങ്ങള്‍ കൊഴുക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു.
ലോകമെങ്ങുമുള്ള ആദിമനിവാസികള്‍ ഒരേ തരത്തിലാണ് പാര്‍ശ്വവല്ക്കരിക്കപെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും എന്നു 'മനോരോ' നമ്മെ ബോധ്യപ്പെടുത്തുന്നു. ജനാധിപത്യത്തിന്റെ ദൌര്‍ബല്യങ്ങളിലേക്കും  സിനിമ വിരല്‍ ചൂണ്ടുന്നു.
അതേസമയം   അയ്‌റ്റകളുടെ ജീവിതത്തിന്‍റെ ഡോക്യുമേന്റഷ്യന്‍  നിര്‍വഹിക്കുവാനും മെന്‍ഡോസയ്ക്ക് സാധിച്ചിരിക്കുന്നു. മറ്റു സിനിമകളില്‍ നിന്നു വ്യത്യസ്തമായി  സമൂഹശരീരത്തെയും    ജനാധിപത്യത്തെയും സംസ്കാരത്തെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാംസ്‌കാരിക ന്യൂനപക്ഷങ്ങളുടെ ജീവിതാവസ്ഥകളെയും അപഗ്രഥിക്കുന്നത്തിനുള്ള ഒരു ഉപകരണമായി സിനിമയെ മെന്‍ഡോസ ഉയര്‍ത്തുന്നു. 
മുത്തച്ചനെ അന്വേഷിച്ചു മലമുകളിലെ വനത്തിലേക്ക് നടക്കുന്ന അച്ഛന്റെയും മകളുടെയും യാത്രയോട് ഇഴചേര്‍ന്നു ഉയരുന്ന നാടന്‍ പാട്ട്  തീരെ ലളിതമായ ഒരു ജീവിത രീതിയുടെയും സംസ്കാരത്തിന്റെയും  വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്നു.ആ സംസ്കാരവും ജീവിതരീതിയും  പുരാതനമായ ഫിലിപ്പിനോ മതവും  സഹസ്രാബ്ധങ്ങളെ  അതിജീവിച്ചത്‌ എങ്ങനെയെന്ന്  നാം അത്ഭുതപ്പെടുന്നു.
യൂറോ കേന്ദ്രീകൃതമായ അക്ഷരവിദ്യയും  വിദ്യാഭ്യാസവും  സംസ്കാരത്തിന്റെ അളവുകോലായ ആധുനിക ലോകത്ത് ഏറ്റവും താഴ്ന്ന സംസ്കാരത്തിന്റെ ഉടമകളായ ഫിലിപ്പിനികളായി ഗണിക്കപ്പെടുന്നവരാണ്  അയ്‌റ്റകള്‍ . അവരുടെ സംസ്കാരത്തിന്റെ ഔന്നത്യം 
മെന്‍ഡോസ ലോകത്തെ ബോധ്യപ്പെടുത്തുന്നു. രണ്ടു ദിവസത്തെ അധ്വാനത്തിന് ശേഷം തനിക്കു ലഭിച്ച പന്നിയുടെ മാംസം പാകം  ചെയ്തു ഗോത്രത്തിലുള്ളവര്‍ക്ക് മുഴുവന്‍  വിരുന്നു നടത്തുന്ന ജോനാലീന്റെ മുത്തച്ഛന്‍ ആട്ടത്തിനും പാട്ടിനുമിടയില്‍  ദൈവത്തോട് പറയുന്നു: നീ എനിക്ക്‌ നല്‍കിയ ഈ സൌഭാഗ്യം ഇതാ ഞാനെന്റെ സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീതിക്കുന്നു. ഈ ഔന്നത്യവും എളിമയും നിസ്വാര്‍ത്ഥതയും കാട്ടിലല്ലാതെ മറ്റെങ്ങു കണ്ടുകിട്ടും?