2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

അറബ് കവിത


സുപ്രധാനമാണ്
നിസാർ ഖബ്ബാനി

പ്രകാശം സുപ്രധാനമാണ്
ദീപത്തേക്കാൾ.
കവിത സുപ്രധാനമാണ്
അതെഴുതിയ നോട്ട്ബുക്കിനേക്കാൾ.
ചുംബനം സുപ്രധാനമാണ്
അധരങ്ങളേക്കാൾ.
നിനക്ക് ഞാനെഴുതിയ കത്തുകൾ
നമ്മളിരുവരേക്കാൾ
ശ്രേഷ്ഠവും
സുപ്രധാനവുമാണ്;
നിന്റെ സൗന്ദര്യവും
എന്റെ ഭ്രാന്തും
ആളുകൾ കണ്ടെത്തുവാനിരിക്കുന്ന
പ്രമാണങ്ങൾ
അവ മാത്രമാണ്.



2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

കന്നഡ കവിത


വെളിമ്പറമ്പിലെ ഉറക്കം
മൂഡ്നാകൂഡു ചിന്നസ്വാമി

ഉറക്കമെന്നു പറഞ്ഞാൽ
ഇങ്ങനെയായിരിക്കണം:
നട്ടുച്ചവെയിലത്ത്
പണിചെയ്തു തളർന്ന ശരീരം
കൈയും കാലും നീട്ടി
ഉടൽ അൽപം ചുരുക്കി
പറമ്പിന്റെ വരമ്പത്ത് തലചായ്ച്ച്
മെല്ലെ കറുകക്കാറ്റു വീശുമ്പോൾ
കൂർക്കം വലിച്ച്.

തുറസ്സായ സ്ഥലത്ത്
മതിമറന്നുറങ്ങുന്ന ഉറക്കം
ഇങ്ങനെയായിരിക്കണം.

പുൽപ്പൊന്തയിൽ നിന്നു പാഞ്ഞുവന്ന
പച്ചിലപ്പാമ്പ്
ഉടലിലാകെ ഇഴഞ്ഞു നടന്നിട്ടും
ഒരു കോട്ടവും തട്ടാത്ത ഉറക്കം.
കറുമുറെ പുല്ല് തിന്നുന്ന കാള
മുത്തി മണത്തിട്ടും
ദേഹമനങ്ങാതെ അങ്ങനെ

മോഹങ്ങൾ ഉണ്ടെങ്കിലല്ലേ
കിനാവുകൾ പിന്തുടരുന്നത്
പാപഭയം അലട്ടുമ്പോഴല്ലേ
ഞെട്ടിവിറയ്ക്കുന്നത്;
കിനാവിൽ
പച്ചിലപ്പാമ്പ് കണ്ണിൽ കൊത്തുന്നത്;
കാള കൊമ്പിൽ കൊരുത്ത്
അങ്ങുമിങ്ങും എടുത്തെറിയുന്നത്.

ശുദ്ധമായ ഇരുപത്തിനാലു ക്യാരറ്റ് ഉറക്കം
എന്നു പറഞ്ഞാൽ
പാവപ്പെട്ടവന്റെ വെളിമ്പറമ്പിലെ ഉറക്കമാണ്.

                                                                                      
 വിവ: തേർളി.എൻ.ശേഖർ,
             ഫാസിൽ
                                
 Mudnakudu chinnaswamy's poem translated from kannada by Therly.N.Shekhar and Fazil.                                  

2011, സെപ്റ്റംബർ 25, ഞായറാഴ്‌ച

അറബ് കവിത


നിന്നെ ചുംബിക്കുമ്പോഴെല്ലാം
  -നിസാർ ഖബ്ബാനി

നീണ്ട വിരഹങ്ങൾക്കു പിറകെ
നിന്നെ ചുംബിക്കുമ്പോഴെല്ലാം
എനിക്കു തോന്നുന്നു
തിരക്കിട്ടെഴുതിയ
ഒരു പ്രണയലേഖനം
ചുവന്ന ഒരു തപാൽപ്പെട്ടിയിൽ
നിക്ഷേപിക്കുന്നതായി.




A Nizar Qabbani poem translated from English by Fazil



















2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കന്നഡ കവിത



കല്ലിന്റെ ഹൃദയം
 എച് .എസ് . ശിവപ്രകാശ്
                                
കല്ലിന്റെ ഹൃദയങ്ങള്‍ക്കു മേല്‍                 
ബലിഷ്ഠ കരങ്ങളില്‍ നിന്നുള്ള 
അടികളുടെ തോരാമഴ;
ചുറ്റികയടികള്‍ക്കു പിറകെ 
ചുറ്റികയടികൾ
  
ഭൂമിയുടെ ഗര്‍ഭപാത്രത്തിലും
കുന്നുകളിലും മലകളിലും                                                           
കടലുകളുടെ മടിത്തട്ടിലും 
ഹൃദയങ്ങളുടെ നിശ്ശബ്ദതയിലും
പാവം കല്ലുകള്‍
ഹതാശരായി  
സ്വയം ഒളിപ്പിക്കുന്നത് 
ഇക്കാരണത്താലാണ്.


പക്ഷെ
അടികള്‍ക്കുമേല്‍
അടികള്‍ വീഴുമ്പോഴാണ് 
കല്ല്‌ ഹൃദയത്തെപ്പോലെ 
ലോലമാകുന്നത്.
ഹൃദയം കല്ലിനെപ്പോലെ 
കഠിനമാകുന്നത്. 


വിവ: തേര്‍ളി .എന്‍ . ശേഖര്‍
          ഫാസിൽ  

H.S.Sivaprakash's poem translated from Kannada by Therly.N.Shekhar and Fazil.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കന്നഡ കവിത


ഞാനൊരു മരമായിരുന്നെങ്കില്‍              
മൂഡ്‌ നാകൂഡു ചിന്നസ്വാമി


ഞാനൊരു മരമായിരുന്നെങ്കില്‍ 
കിളി കൂട് കൂട്ടുന്നതിനു മുമ്പ് 
നിന്‍റെ ജാതിയേതെന്ന്
ചോദിക്കില്ലായിരുന്നു.
വെയിലെന്നെ തഴുകുമ്പോള്‍ 
തണലിന് അയിത്തം വരില്ലായിരുന്നു.
കുളിര്‍ക്കാറ്റുമായുള്ള ഇലകളുടെ സ്നേഹം 
മധുരിക്കുമായിരുന്നു.
മഴത്തുള്ളികള്‍ നീ ചണ്‍ഡാലനെന്നു പറഞ്ഞ്
പിന്മാറില്ലായിരുന്നു.
ഞാന്‍ വേരൂന്നി തളിരിടുമ്പോള്‍ 
തീണ്ടല്ലേ തീണ്ടല്ലേയെന്നു പറഞ്ഞ് 
ഭൂമാതാവ് ഓടില്ലായിരുന്നു.

എന്‍റെ പുറന്തോടില്‍ മേനിയുരസി
പവിത്രയായ പശു 
ചൊറിച്ചില്‍ മാറ്റുമ്പോള്‍ 
അതിന്‍റെ അംഗങ്ങളില്‍ അമര്‍ന്നിരിക്കുന്ന 
മുപ്പത്തിമുക്കോടി ദേവതകള്‍ 
എന്നെ സ്പര്‍ശിക്കുമായിരുന്നു.

ആര്‍ക്കറിയാം!
എന്‍റെ  അന്ത്യകാലത്ത്
വെട്ടിപ്പൊളിച്ചിട്ട വരണ്ട ഒരു ചീള്
ഹോമാഗ്നിയില്‍   വെന്ത്
പാവനമാകുമായിരുന്നോ എന്തോ?
അല്ലെങ്കില്‍ 
ഒരു സത്പുരുഷന്‍റെ ജഡംപേറും മഞ്ചമായി
നാലു സജ്ജനങ്ങളുടെ 
ചുമലിലേറുമായിരുന്നോ?

വിവ: തേര്‍ളി.എന്‍ .ശേഖര്‍ - ഫാസില്‍    
Mudnakudu Chinnaswamy's poem Translated from Kannada by Therly.N.Shekhar and Fazil.