2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

കന്നഡ കവിത


ഞാനൊരു മരമായിരുന്നെങ്കില്‍              
മൂഡ്‌ നാകൂഡു ചിന്നസ്വാമി


ഞാനൊരു മരമായിരുന്നെങ്കില്‍ 
കിളി കൂട് കൂട്ടുന്നതിനു മുമ്പ് 
നിന്‍റെ ജാതിയേതെന്ന്
ചോദിക്കില്ലായിരുന്നു.
വെയിലെന്നെ തഴുകുമ്പോള്‍ 
തണലിന് അയിത്തം വരില്ലായിരുന്നു.
കുളിര്‍ക്കാറ്റുമായുള്ള ഇലകളുടെ സ്നേഹം 
മധുരിക്കുമായിരുന്നു.
മഴത്തുള്ളികള്‍ നീ ചണ്‍ഡാലനെന്നു പറഞ്ഞ്
പിന്മാറില്ലായിരുന്നു.
ഞാന്‍ വേരൂന്നി തളിരിടുമ്പോള്‍ 
തീണ്ടല്ലേ തീണ്ടല്ലേയെന്നു പറഞ്ഞ് 
ഭൂമാതാവ് ഓടില്ലായിരുന്നു.

എന്‍റെ പുറന്തോടില്‍ മേനിയുരസി
പവിത്രയായ പശു 
ചൊറിച്ചില്‍ മാറ്റുമ്പോള്‍ 
അതിന്‍റെ അംഗങ്ങളില്‍ അമര്‍ന്നിരിക്കുന്ന 
മുപ്പത്തിമുക്കോടി ദേവതകള്‍ 
എന്നെ സ്പര്‍ശിക്കുമായിരുന്നു.

ആര്‍ക്കറിയാം!
എന്‍റെ  അന്ത്യകാലത്ത്
വെട്ടിപ്പൊളിച്ചിട്ട വരണ്ട ഒരു ചീള്
ഹോമാഗ്നിയില്‍   വെന്ത്
പാവനമാകുമായിരുന്നോ എന്തോ?
അല്ലെങ്കില്‍ 
ഒരു സത്പുരുഷന്‍റെ ജഡംപേറും മഞ്ചമായി
നാലു സജ്ജനങ്ങളുടെ 
ചുമലിലേറുമായിരുന്നോ?

വിവ: തേര്‍ളി.എന്‍ .ശേഖര്‍ - ഫാസില്‍    
Mudnakudu Chinnaswamy's poem Translated from Kannada by Therly.N.Shekhar and Fazil. 


1 അഭിപ്രായം:

  1. ഞാനൊരു മരമായിരുന്നെങ്കില്‍
    കിളി കൂട് കൂട്ടുന്നതിനു മുമ്പ്
    നിന്‍റെ ജാതിയേതെന്ന്
    ചോദിക്കില്ലായിരുന്നു.

    വളരെയിഷ്ടമായി ഈ വരികള്‍

    മറുപടിഇല്ലാതാക്കൂ