2010, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

കന്നഡ കവിത



വെളുത്ത രാത്രി                                        

 എഛ്.എസ്.ശിവപ്രകാശ്

                                            
അകന്നു പോയ്ക്കഴിഞ്ഞ ഒരു മേഘം   
വിഴുങ്ങുവാനടുക്കുന്ന മറ്റൊന്ന് 
ഇവയ്ക്കിടയില്‍ ചന്ദ്രകലിക;
അതു നിഴലിച്ചൂ
രണ്ടു ഓളങ്ങള്‍ക്കിടയില്‍
തടാകത്തിലെ  തെളിനീരില്‍.

കാറ്റിന്‍റെ അലര്‍ച്ച നിലച്ചതിനു ശേഷം 
നിശ്ശബ്ദതയില്‍ 
വിദൂരതയില്‍നിന്ന്‍
*ഓലഗയുടെ സംഗീതം.

വീണ്ടുമൊരിക്കല്‍ കാറ്റ് അലറിവിളിച്ചു 
ചന്ദ്രപ്രതിബിംബം ചിതറിപ്പോയി
ചന്ദ്രക്കലയെ  മേഘം വിഴുങ്ങിക്കളഞ്ഞു 
ഓലഗയുടെ സംഗീതം മരിച്ചുവീണു.

ഇപ്പോള്‍ 
ചന്ദ്രികാചര്‍ച്ചിത നിശയില്‍ എല്ലാം ശാന്തമെന്ന്
നിങ്ങള്‍  പറയുമ്പോള്‍ 
എനിക്ക്‌ നിങ്ങളെയെങ്ങനെ വിശ്വസിക്കുവാന്‍ കഴിയും?

*ഒരു സുഷിരവാദ്യം
 മൊഴിമാറ്റം: ഫാസില്‍  
H.S.Sivaprakash's poem translated from English by Fazil.

2010, ജനുവരി 16, ശനിയാഴ്‌ച

കണ്ണാടി

എന്റെ കണ്ണാടിയില്‍:
ഞാറ്
കള
കര്‍ഷകന്റെ വിയര്‍പ്പ്;
കണ്ണുനീര് .
ഹരിതഗാത്രത്തിന്റെ
ധ്യാനമൌനം.
തണുത്ത ഉള്‍വേഗങ്ങള്‍; 
സൂര്യചുംബനമുണര്‍ത്തുന്ന
ഉഷ്ണ പ്രവാഹങ്ങള്‍ .
മഴയുടെ പളുങ്കുനാരുകള്‍
മഞ്ഞിന്റെ നനുത്ത ചുണ്ടുകള്‍ 
പൂക്കളുടെ പ്രാര്‍ഥനാരവങ്ങള്‍
തളിരുകളുടെ തളയൊച്ചകള്‍ 
കതിരുകളുടെ സുവര്‍ണസ്മിതം
ചെറുകാറ്റിന്റെ സ്നേഹസ്പര്‍ശം 
കൊയ്ത്ത് 
മെതി 
പാട്ട് 
തിമിര്‍പ്പ് 
കിളിച്ചിറകുകള്‍
പിന്നെ 
ഒരു നോക്കുകുത്തി!      

2010, ജനുവരി 15, വെള്ളിയാഴ്‌ച

സംവാദം

സംവാദം 
അറിയുന്നവന്റെ വഴിയല്ല;
തിരക്കുന്നവന്റെയാണ്.
കിനാവില്‍ സ്വര്‍ഗ്ഗമുള്ളവന്റെ
ഇച്ഛയുടെ പുഷ്പം.


നോഹയുടെ പെട്ടകത്തിലെ പറവ
പ്രളയ ജലത്തിനുമേല്‍ മണ്ണ് തേടി പറക്കുന്നു 
അതിന്റെ ഇടതു ചിറകു വേദന 
വലതു ചിറകു സ്വപ്നം 
മനസ്സ് 
അവസാന ഇണകളുടെ 
പ്രാര്‍ഥനയുടെ താവളം ;
പ്രണയത്തിന്റെയും .


തിരക്കുന്നവന്‍
തലച്ചോറിലെ  വന്‍കരകള്‍
തലങ്ങും വിലങ്ങും നടന്നുതീര്‍ത്തവന്‍
ദ്വീപുകളില്‍
മണല്‍സൌധം  പണിതവന്‍
ലവണ ജലരാശികളില്‍
കടലാഴമുള്ള ഉണര്ന്നിരിപ്പായവന്‍
മറ്റേ തലച്ചോറിന്റെ നിര്‍മ്മിതികളിലേക്ക്
അവന്റെ സൌമ്യ തീര്‍ത്ഥാടനം
നഗ്നപാദനായി
ദിഗംബരനായി.
മറ്റേതിന്റെ നിര്‍മ്മിതികള്‍
അവന്റെതിനു തിളക്കമേറ്റം
അപ്പാടെ തകര്‍ത്തുകളയാം
ഒരു കല്ലോ
നാലിഷ്ടികയോ പറിച്ചു മാറ്റാം 
കാറ്റുകള്‍ക്കുള്ള പഴുതോ
ഒരു ചില്ലോടോ
കനിഞ്ഞു നല്‍കാം .


നിര്‍മ്മിതികളുടെ നിലനില്പ്  
അവനു പ്രധാനമാവുന്നീല്ല
തീര്‍ഥാടനത്തിലെ ഭവങ്ങള്‍
അവന്റെ ഇച്ച്ചാപുഷ്പത്തിന് സുഗന്ധം
പറന്നു തളരുമ്പോള്‍
പറവ തിരിച്ചെത്തുന്നു
വീണ്ടും പറക്കേണ്ടതിനായി.


ഒറ്റപ്പെടലിന്റെ മണല്‍പ്പരപ്പില്‍
അവന്റെ ചിന്തയുടെ ഉച്ചവെയില്‍
മസ്തിഷ്ക നിര്‍മ്മിതികള്‍ക്ക് സൂര്യസ്നാനം
സ്വയമൊരു വിചാരണ
പാപക്കാഴ്ച
സ്വയമൊരു കുരിശേറ്റം
ഉയിര്‍പ്പ്.


നോഹയുടെ പെട്ടകത്തിലെ പറവ 
പ്രളയ ജലത്തിനുമേല്‍ മണ്ണ് തേടി പറക്കുന്നു
വീണ്ടും.....



പതിര്

എന്ത് ചെയ്യണമെന്നറിയില്ല
എങ്ങനെ ചെയ്യണമെന്നറിയില്ല
എപ്പോള്‍ ചെയ്യണമെന്നറിയില്ല
എന്തിനു ചെയ്യുന്നുവെന്നറിയില്ല
ഞാന്‍ അതുമിതും ഇതുമതും
അങ്ങനെയുമിങ്ങനെയും
അപ്പോഴുമിപ്പോഴും
ഇപ്പോഴുമെപ്പോഴും
ചെയ്തുകൊണ്ടേയിരുന്നു!


ജീവിതത്തിനു ജലാകാരം
പലപ്പോഴും പല രൂപഭാവങ്ങള്‍
ചിലപ്പോളത് കുരുടന്റെ കോവില്‍യാത്ര
ഊമയുടെ വിലാപ പ്രാര്‍ത്ഥന
ചിലപ്പോളത് ഒരുന്മത്ത കേളീയാത്ര
അവനവന്‍ ശവം പേറിയുള്ള അലച്ചില്‍
നെഞ്ചു കൊണ്ട് മല താങ്ങുന്നവന്റെ
ഉടലനങ്ങാത്ത പിടച്ചില്‍
മോര്‍ച്ചറിത്തണുപ്പിലെ മിടിപ്പ് കെട്ട കിടപ്പ്
അങ്ങുമിങ്ങും ഉഴിയാനാവാത്ത കൈതോല
 ഞെരിഞ്ഞില്‍ കിടക്കയിലെ ഉറക്കം
മുരുക്കിലെ  ഒടുങ്ങാത്ത മരക്കയറ്റം
ഇനിയുമാവാം രൂപകങ്ങള്‍
പഴയതും പുതിയതും
ചക്രവാളത്തോളം ഉപമകള്‍
കടലോളം ഉല്പ്രേക്ഷകള്‍
നോവിക്കും അലങ്കാരം ഏതുമാവാം
ദുരിതജീവിതം പറയുവാന്‍.


ഭൂഗുരുത്വത്തെ മുറത്തട്ടില്‍  മെരുക്കിയോളെ 
നിന്റെ ചേറലും കൊഴിക്കലുമൊടുങ്ങുമ്പോള്‍  
പതിര്‍ക്കോണിലാണെന്നുമെനിക്കിടം.
ഞാന്‍ അതുമിതും ഇതുമതും 
അങ്ങനെയുമിങ്ങനെയും 
അപ്പോഴുമിപ്പോഴും 
ഇപ്പോഴുമെപ്പോഴും 
ചെയ്തുകൊണ്ടേയിരിക്കുന്നു.

നിരൂപണം



മഴുവിന്റെ ഒറ്റപ്പല്ലാല്‍ വീഴ്ത്തപ്പെട്ടപ്പോള്‍
മരം ഒറ്റ ശവമായി കിടന്നു.
കൈകാലുകള്‍ മുറിച്ചുമാറ്റിയ
തലയറുക്കപ്പെട്ട ശവം.
ഈര്‍ച്ച വാളിന്റെ പല്ലുകളില്‍ 
പല സ്കെയിലുകളില്‍ മു ഞ്ഞുവീണ്
അത് പല ശവങ്ങളായി .
അടികളുടെ നീളത്തില്‍ 
വീതിയില്‍
ഇഞ്ചുകളുടെ കനത്തില്‍
ധീര്‍ഘചതുര ശവങ്ങള്‍.

'ഏതു ശവത്തിലുമുന്ടൊരു ശില്‍പം '
'ഉളി വരട്ടെ ' 
ഉളി വന്നു
കൊട്ടുവടിയും ചിന്തേരും കൂട്ടുവന്നു
കൊത്തും കൊട്ടും പൊടിപൂരം!
തെളിഞ്ഞൂ ശവശില്പം!
അതോ ശില്പശവമോ?
മുറിഞ്ഞ കോശങ്ങള്‍ക്കുമേല്‍
മണല്ക്കടലാസുകളുടെ സാന്ത്വന സ്പര്‍ശം 
പോളീഷ്തുണിയുടെ ഇക്കിളിസ്പര്‍ശം.
'ആഹഹാ....ഗ്രെയിന്‍സ്! നമുക്കും കിട്ടണം പണം.'

മരം പറഞ്ഞു:
അവയെന്റെ ഹ്ലാധവിശാദങ്ങളുടെ 
ഘനസ്മൃതികള്‍ 
പൂര്‍വവര്‍ഷങ്ങളുടെ ചോലപ്പാടുകള്‍
കഷ്ടജന്മത്തിന്റെ കഠിനമുദ്രകള്‍.
മരത്തെ കേള്‍ക്കുകയുണ്ടായില്ല 
ആരും.