2010, ജനുവരി 15, വെള്ളിയാഴ്‌ച

സംവാദം

സംവാദം 
അറിയുന്നവന്റെ വഴിയല്ല;
തിരക്കുന്നവന്റെയാണ്.
കിനാവില്‍ സ്വര്‍ഗ്ഗമുള്ളവന്റെ
ഇച്ഛയുടെ പുഷ്പം.


നോഹയുടെ പെട്ടകത്തിലെ പറവ
പ്രളയ ജലത്തിനുമേല്‍ മണ്ണ് തേടി പറക്കുന്നു 
അതിന്റെ ഇടതു ചിറകു വേദന 
വലതു ചിറകു സ്വപ്നം 
മനസ്സ് 
അവസാന ഇണകളുടെ 
പ്രാര്‍ഥനയുടെ താവളം ;
പ്രണയത്തിന്റെയും .


തിരക്കുന്നവന്‍
തലച്ചോറിലെ  വന്‍കരകള്‍
തലങ്ങും വിലങ്ങും നടന്നുതീര്‍ത്തവന്‍
ദ്വീപുകളില്‍
മണല്‍സൌധം  പണിതവന്‍
ലവണ ജലരാശികളില്‍
കടലാഴമുള്ള ഉണര്ന്നിരിപ്പായവന്‍
മറ്റേ തലച്ചോറിന്റെ നിര്‍മ്മിതികളിലേക്ക്
അവന്റെ സൌമ്യ തീര്‍ത്ഥാടനം
നഗ്നപാദനായി
ദിഗംബരനായി.
മറ്റേതിന്റെ നിര്‍മ്മിതികള്‍
അവന്റെതിനു തിളക്കമേറ്റം
അപ്പാടെ തകര്‍ത്തുകളയാം
ഒരു കല്ലോ
നാലിഷ്ടികയോ പറിച്ചു മാറ്റാം 
കാറ്റുകള്‍ക്കുള്ള പഴുതോ
ഒരു ചില്ലോടോ
കനിഞ്ഞു നല്‍കാം .


നിര്‍മ്മിതികളുടെ നിലനില്പ്  
അവനു പ്രധാനമാവുന്നീല്ല
തീര്‍ഥാടനത്തിലെ ഭവങ്ങള്‍
അവന്റെ ഇച്ച്ചാപുഷ്പത്തിന് സുഗന്ധം
പറന്നു തളരുമ്പോള്‍
പറവ തിരിച്ചെത്തുന്നു
വീണ്ടും പറക്കേണ്ടതിനായി.


ഒറ്റപ്പെടലിന്റെ മണല്‍പ്പരപ്പില്‍
അവന്റെ ചിന്തയുടെ ഉച്ചവെയില്‍
മസ്തിഷ്ക നിര്‍മ്മിതികള്‍ക്ക് സൂര്യസ്നാനം
സ്വയമൊരു വിചാരണ
പാപക്കാഴ്ച
സ്വയമൊരു കുരിശേറ്റം
ഉയിര്‍പ്പ്.


നോഹയുടെ പെട്ടകത്തിലെ പറവ 
പ്രളയ ജലത്തിനുമേല്‍ മണ്ണ് തേടി പറക്കുന്നു
വീണ്ടും.....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ