2010, ജനുവരി 15, വെള്ളിയാഴ്‌ച

പതിര്

എന്ത് ചെയ്യണമെന്നറിയില്ല
എങ്ങനെ ചെയ്യണമെന്നറിയില്ല
എപ്പോള്‍ ചെയ്യണമെന്നറിയില്ല
എന്തിനു ചെയ്യുന്നുവെന്നറിയില്ല
ഞാന്‍ അതുമിതും ഇതുമതും
അങ്ങനെയുമിങ്ങനെയും
അപ്പോഴുമിപ്പോഴും
ഇപ്പോഴുമെപ്പോഴും
ചെയ്തുകൊണ്ടേയിരുന്നു!


ജീവിതത്തിനു ജലാകാരം
പലപ്പോഴും പല രൂപഭാവങ്ങള്‍
ചിലപ്പോളത് കുരുടന്റെ കോവില്‍യാത്ര
ഊമയുടെ വിലാപ പ്രാര്‍ത്ഥന
ചിലപ്പോളത് ഒരുന്മത്ത കേളീയാത്ര
അവനവന്‍ ശവം പേറിയുള്ള അലച്ചില്‍
നെഞ്ചു കൊണ്ട് മല താങ്ങുന്നവന്റെ
ഉടലനങ്ങാത്ത പിടച്ചില്‍
മോര്‍ച്ചറിത്തണുപ്പിലെ മിടിപ്പ് കെട്ട കിടപ്പ്
അങ്ങുമിങ്ങും ഉഴിയാനാവാത്ത കൈതോല
 ഞെരിഞ്ഞില്‍ കിടക്കയിലെ ഉറക്കം
മുരുക്കിലെ  ഒടുങ്ങാത്ത മരക്കയറ്റം
ഇനിയുമാവാം രൂപകങ്ങള്‍
പഴയതും പുതിയതും
ചക്രവാളത്തോളം ഉപമകള്‍
കടലോളം ഉല്പ്രേക്ഷകള്‍
നോവിക്കും അലങ്കാരം ഏതുമാവാം
ദുരിതജീവിതം പറയുവാന്‍.


ഭൂഗുരുത്വത്തെ മുറത്തട്ടില്‍  മെരുക്കിയോളെ 
നിന്റെ ചേറലും കൊഴിക്കലുമൊടുങ്ങുമ്പോള്‍  
പതിര്‍ക്കോണിലാണെന്നുമെനിക്കിടം.
ഞാന്‍ അതുമിതും ഇതുമതും 
അങ്ങനെയുമിങ്ങനെയും 
അപ്പോഴുമിപ്പോഴും 
ഇപ്പോഴുമെപ്പോഴും 
ചെയ്തുകൊണ്ടേയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ