2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഭൂതയാത്ര; ഒരു വായനക്കുറിപ്പ്

ഭൂതയാത്ര; ഒരു വായനക്കുറിപ്പ്
മീരാബാലകൃഷ്ണന്‍
(മൂന്നാംവർഷ ബോട്ടണിബിരുദം
ശ്രീ കേരളവർമ്മ കോളേജ്‌ തൃശൂർ)    

നോവലിന്റെ പതിവ് പശ്ചാത്തലങ്ങളില്‍ നിന്നും കഥാസന്ദര്‍ഭങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ള ഒന്നാണ് ഫാസിലിന്റെ ഭൂതയാത്ര; മിത്തുകളും പ്രണയവും വിരഹവും ഇഴയിട്ടു നെയ്തെടുത്ത മനോഹരമായ ഒരു നോവല്‍.
പൂര്വ്വികന്‍ ചെയ്ത ഒരു ദുഷ്കര്‍മ്മത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ നടക്കുന്ന പുതുതലമുറക്കാരനായ ജമാൽ  എന്നയുവാവിന്റെ ജീവിതം പറയുന്നു ഭൂതയാത്ര. ഈ കടംവീട്ടലിന്റെ ഭാഗമായി ഹമീദ് എന്ന കച്ചവടക്കാരനെ തിരക്കി പൂങ്കുറിശ്ശിയെന്ന ഗ്രാമത്തിലേക്കുള്ള ജമാലിന്റെയാത്രകളിലൂടെയാണ് നോവല്‍ മുന്നോട്ടുനീങ്ങുന്നത്. ഹമീദിനെ കണ്ടെത്തുവാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഈ യാത്രകള്‍ക്കിടയില്‍ ജമാല്‍ ഹമീദിന്റെ മകളായ ശബ്നയെ പരിചയപ്പെടുന്നു. താമസിയാതെ അവര്‍ അനുരാഗബദ്ധരാവുന്നു. മധുരനാരങ്ങയുടെ ഗന്ധമായി പ്രണയം ഈ നോവലിന്റെയുള്ളില്‍ നിറഞ്ഞുനില്ക്കുന്നു. ഹമീദിനെ തിരക്കിനടന്നിരുന്ന ജമാല്‍ അയാളെ കണ്ടുകഴിഞ്ഞ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി കഴിഞ്ഞാല്‍ പിന്നീട് ശബ്നയെ കാണുവാന്‍ സാധിക്കാതെ വരും എന്നോര്‍ത്ത് ജമാല്‍ അസ്വസ്ഥനാകുന്നു. 
മൂന്നു തവണ സ്യൂഡോ ഡെത്ത്സംഭവിച്ച വല്ല്യുപ്പ നോവലിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. കമ്മുട്ടിമൂപ്പരുടെ ദുഷ്ചെയ്തികളുടെ അനന്തര ഫലമെന്നോണം മറുജീവിതം ജീവിക്കുന്ന ഈ കഥാപാത്രമാണ് ഈ നോവലിലെ എറ്റവും ശക്തമായ കഥാപാത്രം. ഈ കഥാപാത്രത്തിന്റെ മറുജീവിതവുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കപ്പെടുന്ന ചേക്കുട്ടിയെന്ന മിത്ത് ഈ നോവലിന്റെ എറ്റവും ആകർഷകമായ  ഒരു ഘടകമാണ്.
ജമാലിന്റെ അമ്മായിയുടെ പ്രണയത്തെപ്പറ്റി ശൈഖിന്റെ കോഴിയിൽ  വിവരിക്കുന്നുണ്ട്. കാണാതായ പ്രിയതമന്‍ തിരിച്ചുവരുന്നതിനുവേണ്ടി അമ്മായി ശൈഖ് മുഹിയദ്ദീന് നേരുന്ന കോഴിയെ ഒരു ദിവസം കാണാതാകുന്നു. പിന്നീട് ജീവിതത്തിന്റെ പല കാലങ്ങളില്‍ വേദനിപ്പിക്കുന്ന ഒരോർമ്മ  പോലെ അത് പ്രത്യക്ഷപ്പെടുകയും അമ്മായിയെ മുറിവേല്പിക്കുകയും ചെയ്യുന്നു.
ഭൂതയാത്രയില്‍ എന്നെ എറെ ആകര്ഷിച്ച ഭാഗം കൊങ്ങന്‍ വെള്ളംആണ്. പെരുമഴയ്ക്കു നടുവില്‍ വള്ളപ്പടിയിലിരുന്ന് മുളകുചാറിന്റെയും പൊരിച്ച അയിലയുടെയും ചുടുചോറിന്റെയും രുചിയെക്കുറിച്ചു പറയുമ്പോള് വായനക്കാരിയ്ക്ക് വായില്‍ രുചികളുടെ കപ്പലോട്ടമായിരുന്നു. വാട്ടിയ നാക്കിലയില്‍ പൊതിഞ്ഞു കൊണ്ടുവന്ന അരപ്പ് ഒഴിച്ച്, പുളിമാങ്ങ രണ്ടെണ്ണം പൂണ്ട് ചെറുതുണ്ടുകളാക്കി നുറുക്കിയിട്ട്, മീന്‍ കഷണങ്ങള്‍ വാരിയിട്ട് വെക്കുന്ന മീന്‍ കറി…. നോവല്‍ ആസ്വാദകര്‍ക്ക് തങ്ങളുടെ പാചക സമ്പത്തില് ചേര്ത്തു വെക്കാവുന്ന ഒന്നായി അത്!
തീര്ത്തും വ്യത്യസ്തമായ ഒരു വായനാനുഭവം ആസ്വാദകര്‍ക്ക് നല്കുന്ന നോവലാണ് ഭൂതയാത്ര. പ്രതിഭാധനരായ എഴുത്തുകാരെല്ലാം തങ്ങളുടേതു മാത്രമായ എഴുത്തുശൈലിയാല്‍ വ്യത്യസ്തരാണ്. അത്തരത്തില്‍ ഭാഷയിലും കഥപറച്ചിലിലും തന്റ്റേതായ ഒരു ശൈലി ഫാസിലിന്റെ ഭൂതയാത്രയില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.