2013, ജൂൺ 28, വെള്ളിയാഴ്‌ച

കോമ്പസ്സും വേട്ടക്കോലും

·      പുസ്തകനിരൂപണം 

    കോമ്പസും വേട്ടക്കോലും
·        ഗോപകുമാർ ശ്രീകൃഷ്ണപുരം
·        ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുരോഗതിയിലേക്ക് അതിവേഗം കുതിക്കുന്നുവെന്നവകാശപ്പെടുന്ന സാക്ഷര കേരളത്തിൽ ഇന്നും നടമാടുന്ന ജാതീയമായ വേർതിരിവുകളുടെയും അതുമൂലമുണ്ടാകുന്ന ഒറ്റപ്പെടുത്തലുകളുടേയും ഉത്തമ ദൃഷ്ടാന്തമാണ് നോവൽ. സമൂഹം എത്രകണ്ട് പുരോഗതിയിലേക്ക് കുതിച്ചാലും പൊട്ടിച്ചെറിയാൻ കഴിയാത്ത ഇരുമ്പു ചങ്ങലയായി ഇതവശേഷിക്കുന്നു. അധഃക്ര്തരെന്നാക്ഷേപിച്ച് സമൂഹം ഒരു വിഭാഗത്തോടു കാണിക്കുന്ന വിവേചനവും അതാവർഗ്ഗക്കാരിലുണ്ടാക്കുന്ന മാനസിക ശാരീരിക പീഢനങ്ങൾ അനുവാചകനെ ഇരുത്തിച്ചിന്തിപ്പിക്കാനുതകുന്ന രീതിയിലാണ് ഫാസിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരാളുടെ വ്യക്തിപരമായ ഗുണങ്ങളും കഴിവുകളും വിലയിരുത്താതെ അയാൾ ജനിച്ച കുലത്തെ മാത്രം കണക്കാക്കി അയാളുടെ തൊഴിലും ഭാവിയും വിലയിരുത്തുന്ന സാമൂഹിക പ്രവണത ഇന്നും കേരളത്തിൽ ശക്തമായി നില നിൽക്കുന്നു.
അമന്ത്രമക്ഷരം നാസ്തി
നാസ്തിമൂല മനൌഷധം
അയോഗ്യ പുരുഷാ നാസ്തി
യോജകാ തത്ര ദുർല്ലഭ
എന്ന പുരാണ ശ്ലോകത്തെയനുസ്മരിപ്പിച്ച് സാധൂകരിക്കുന്നതാണീ നോവൽ എന്നു പറയാതെ വയ്യ.
ദശലക്ഷക്കണക്കിനു വർഷങ്ങളായി പരിണാമം സംഭവിക്കാത്ത ആമകളെ നോവലിൽ ഫാസിൽ ആവിഷ്കരിച്ചത് തികച്ചും ഉചിതമാണ്. എത്രയോ വർഷങ്ങൾ കഴിഞ്ഞിട്ടും രൂപാന്തരം പ്രാപിക്കാതെ മനുഷ്യമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജാതിത്വത്തിന്റെ പ്രതിരൂപങ്ങളാണ് ആമകൾ.
ജാതിയൊക്കവെ മനുഷ്യ സ്ര്ഷ്ടിയാം
ഏതു ദൈവവുമിതോതിയില്ല കേൾ
ഏതു മാനുഷനിലുള്ള രക്തവും
ജാതി മാറുകിലുമൊന്നു താൻ നിറം.”
എന്ന വരികൾ വെറും കവി വചനങ്ങളായിയൊതുങ്ങുമ്പോഴും ഇതിനെതിരെ പ്രതികരിക്കാൻ ഒരുപക്ഷേ ഇവയെല്ലാം ഉന്മൂലനം ചെയ്യാൻ കോമ്പസ് എന്ന ചെറിയയായുധം ശക്തമായി ജിഷ്ണുവിനു നേരെ പ്രയോഗിക്കുന്ന ഷാനിബയുടെ ശ്രമം വളരെ ശ്ലാഘനീയമാണ്. “മാറ്റുവിൻ ചട്ടങ്ങളേഎന്ന് ഉറക്കെ വിളിച്ചോതുകയാണ് ഷാനിബ.
കോമ്പസ് എന്ന ആയുധത്തിന് വളരെ പരിമിതികളുണ്ട്. നിശ്ചിതമായ ഒരു ആരത്തിൽ കിടന്ന് കറങ്ങുവാനേ അതിനു കഴിയൂ. അതുപോലെയാണ് ഷാനിബയുടെ ശ്രമങ്ങളും. അതിശക്തനായ അയ്യപ്പന്റെ വേട്ടക്കോലുകളും ജാതീയതയുടെ ഖഡ്ഗത്തിൽ തട്ടി മുറിഞ്ഞുപോകുന്നത് തികച്ചും വേദനാജനകമാണ്.
ശക്തമായ പുറംതോട് ദൈവം നൽകിയിട്ടുണ്ടെങ്കിലും നിഷ്കരുണം വേട്ടയാടപ്പെടുന്ന ആമയും നായാടിയും തമ്മിലുള്ള താദാത്മ്യം വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. സാമൂഹ്യ വിവേചനത്തിന്റെ കൊടും തീയിൽ നിന്ന് രക്ഷപ്പെടാവുന്നവർ നൂറിലൊരുവൻ പോലുമില്ല. രക്ഷപ്പെടുന്നത് പാതിവെന്ത മനസ്സുമായി.
അമ്പു കൊണ്ടുള്ള വ്രണം കാലത്താൽ നികന്നിടുംഎന്നു തുടങ്ങുന്ന വരികൾ പോലെയാണ് ഗൌരിയുടെ മുറിവും. ജിഷ്ണുവിന്റെ ബ്ലേഡുപ്രയോഗത്താലുണ്ടാകുന്ന മുറിവു കാലം കൊണ്ട് ശരിയായെങ്കിലും സമൂഹം ഗൌരിയുടെ മനസ്സിൽ ആഴത്തിലുണ്ടാകുന്ന മുറിവുകൾക്ക് ഒരു മരുന്നും പ്രായോഗികമല്ലെന്ന് ഡോക്ടർ പറയുന്നു.
താമിയാശാന്റെ കഥകൾ ആദിവാസികൾ ദൈവപുത്രരാണെന്ന് തന്നെ പറയുന്നു. എന്നിട്ടും സമൂഹമവരെ അംഗീകരിക്കുന്നില്ല. ഗൌരിയുടെയും അയ്യപ്പന്റെയും ജീവിതത്തിലൂടെ സമൂഹമനസ്സിൽ അത്യാസന്നമായിത്തീർന്ന ഒരു ശുദ്ധികലശമാണ് ഫാസിൽകോമ്പസ്സും വേട്ടക്കോലുംഎന്ന നോവലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് നിസ്സംശയം പറയാനാകും.
ഫാസിലിന്റെ തട്ടും തടവുമില്ലാത്ത പദപ്രയോഗങ്ങളും ലാളിത്യം നിറഞ്ഞ ഭാഷയും ആത്മാർത്ഥമായ അവതരണവും നോവലിനു തിലകം ചാർത്തുന്നു എന്ന് എനിക്ക് നിസ്സന്ദേഹം പറയുവാനാവും.

Top of Form


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ