2014, ഒക്‌ടോബർ 19, ഞായറാഴ്‌ച

മരിയാന ട്രെഞ്ചിൽ നിന്നുള്ള ജീവിതങ്ങൾ
ഫാസിൽ
രാത്രികളിൽ കൂരിരുട്ടിന്റെ മറപറ്റി മാത്രം പുറത്തിറങ്ങിയിരുന്ന, പകൽ വെളിച്ചത്തിൽ കണ്ടാൽ മേൽജാതിക്കാരുടെ കല്ലേറു കൊണ്ട് മരിക്കാൻ വിധിക്കപ്പെട്ടിരുന്ന മനുഷ്യജീവിതങ്ങളുടെ ചരിത്രരേഖയാണ് ജയമോഹന്റെ നൂറുസിംഹാസനങ്ങൾ’. പകൽ മുഴുവൻ അവർ കാടിനകത്ത് കുഴികളുണ്ടാക്കി കുഞ്ഞുകുട്ടികളോടൊത്ത് പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ തുടങ്ങി എന്തിനേയും ചുട്ടുതിന്നും…….. എന്നാൽ ഇത് നായാടികളെ സംബന്ധിച്ച ഒരു കഥയല്ല. നായാടികളുടെ ഗോത്രജീവിതം ആവിഷ്കരിക്കുക ജയമോഹന്റെ ലക്ഷ്യവുമല്ല. നായാടികളുടെ ജീവിതത്തിലേക്കാണ് നോവലിന്റെ ചൂണ്ടുവിരൽ നീളുന്നത്. എന്നാൽ ശേഷിച്ച വിരലുകൾ ചൂണ്ടുന്നിടത്താണ് കഥയുടെ കാതൽ കിടക്കുന്നത്.
     മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ, അടിയാളജീവിത ചരിത്രത്തിന്റെ, നിലയില്ലാ കയത്തിൽ നിന്നാണ് നൂറുസിംഹാസനങ്ങളിലെ അടിയാള സമൂഹം വരുന്നത്. നമ്മുടെ സാമൂഹ്യജീവിത ചരിത്രത്തിന്റെ, ഭൂതകാല ജീവിതത്തിന്റെ മരിയാന ട്രെഞ്ചാണ് കയം. അല്ലെങ്കിൽ നിരവധി മരിയാന ട്രെഞ്ചുകളിൽ ഒന്നാണ്. ശാന്തസമുദ്രത്തിൽ മരിയാന ട്രെഞ്ച് കണ്ടെത്തിയതു പോലെ ഒരു കണ്ടെത്തലാണ് ഇതും. മരിയാന ട്രെഞ്ചിനെ കണ്ടെത്തൽ കടലാഴങ്ങളെ സംബന്ധിച്ച്, ഭൂമിയുടെ ഉപരിതലത്തിന്റെ നിമ്നോന്നതികളെ സംബന്ധിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകളുടെയും അറിവുകളുടെയും ധാരയിൽ ഒരു വിച്ഛേദം സംഭവിക്കുകയായിരുന്നു. അത്തരം ഒരു വിച്ഛേദം നൂറു സിംഹാസനങ്ങൾസാധ്യമാക്കുന്നു. മരിയാനട്രെഞ്ചിൽ എത്തുകയെന്നാൽ ഭൂമിയുടെ അകക്കാമ്പിന് അടുത്തുചെല്ലുക എന്നുകൂടി അർത്ഥമുണ്ട്. മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ അകക്കാമ്പിന്റെ പരിസരങ്ങളിൽ നിന്നാണ്  നോവലിലെ കാപ്പനും അയാളുടെ അമ്മയും വരുന്നത്.
      ഇതൊരു ദളിത് കൃതിയല്ല. അതിദളിതരാണ് ഇതിലെ കഥാപാത്രങ്ങൾ. സംഘബലമോ വോട്ട്ബാങ്ക് രാഷ്ട്രീയമോ വശമില്ലാത്തവർ. വിളക്കിലെ എണ്ണ വറ്റുന്നതുപോലെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നവർ. ദളിതർ പോലും അകറ്റിനിർത്തുന്നവർ.
ഹോസ്റ്റലിൽ എന്നോടൊപ്പം മുറി പങ്കിടാൻ ഒരു ആദിവാസിയും മുമ്പോട്ട് വന്നില്ല. എനിക്ക് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. വെളുപ്പാൻ കാലത്ത് തീവണ്ടിപ്പാളത്തിനടുത്ത് ചെന്നിരുന്നു വേണം വെളിക്കിറങ്ങാൻ. മൂത്രമൊഴിക്കണമെങ്കിൽ പോലും പുറത്തുള്ള ചവറ്റുകൂനയിലേക്ക് പോകണം……’
പഠനകാലത്ത് ആലുവയിലെ ആദിവാസി ഹോസ്റ്റലിലെ ജീവിതത്തെക്കുറിച്ച് ധർമ്മപാലൻ ഓർക്കുന്നുണ്ട്. ജാതിചിന്ത മലയാളി സമൂഹത്തിൽ ഏതാഴത്തോളം തുളച്ചിറങ്ങിയിട്ടുണ്ടെന്ന് ധർമ്മപാലന്റെ അനുഭവം വ്യക്തമാക്കുന്നു.
       നോവലിലെ അമ്മയെ നോക്കൂ. തിരുവനന്തപുരം നഗരത്തിന്റെ പിൻപുറങ്ങളിലേക്ക് ഓരോ പ്രഭാതത്തിലും അവർ എത്തുന്നത് പാതാളപ്പടവുകൾ കയറിയാണെന്ന് തോന്നിപ്പോവും. സ്വതന്ത്ര്യാനന്തരവും കേരളത്തിലെ ഏറ്റവും ദരിദ്രരും അടിയാളരുമായ മനുഷ്യർ അനുഭവിച്ച, അനുഭവിക്കുന്ന ജീവിതത്തിന്റെ കയ്പും കാഠിന്യവും നാം അറിയുന്നത് അമ്മയിലൂടെയാണ്. അവർ നൂറ്റാണ്ടുകൾ ഒരുപക്ഷെ ആയിരത്താണ്ടുകൾ പഴക്കമുള്ള ഒരു മാറാവ്രണമാണ്. അടിമജീവിതം പോലും നിഷേധിക്കപ്പെട്ട (ഒരു പക്ഷെ അതിനു തയ്യാറല്ലാത്തതിനാലാവാം) ഒരു ജനതയുടെ പീഢാനുഭവങ്ങൾ കല്ലിച്ച മുതുക്കിത്തഴമ്പാണ്. മകൻ തന്നെവിട്ടു പോവുമ്പോൾ അവരതു ചെറുക്കുന്നു. മകനെ പിന്തുടർന്നുചെന്ന് പലവട്ടം അവനെ തെരുവിലെ ജീവിതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുപോകുന്നു. മകൻ തമ്പ്രാൻകളസം ധരിക്കുന്നത് കസേരയിൽ ഇരിക്കുന്നത്…..ഒന്നും അമ്മയ്ക്ക് സഹിക്കാനാവുന്നില്ല. തന്റെ പേരക്കിടാവിനെ കുപ്പയിലെ അന്നം തീറ്റിക്കാൻ അവർ ശ്രമിക്കുന്നു. ഇതൊക്കെയും വ്യവസ്ഥിതിയിലുള്ള വിശ്വാസത്താലോ, വിധിയിലുള്ള വിശ്വാസത്താലോ ചെയ്യുന്നതാണെന്നു സാമാന്യമായി നിരീക്ഷിക്കാം. നിരൂപണം നടത്തുകയുമാവാം. എന്നാൽ വൃദ്ധയുടെ നിലവിളികളുടെ സൂക്ഷ്മഭാവങ്ങൾക്കുനേരെ മനസ്സൊന്നു തുറന്നുനോക്കൂ…. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ഹിംസയെ, ക്രൂരതകളുടെ ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങളെ, ഹിംസയുടെ പെരുമഴ സൃഷ്ടിച്ച ഭയത്തിന്റെ ആഴങ്ങളെ, പരപ്പിനെ കണ്ടെത്തുവാൻ കഴിയും.
        നമ്മുടെ നവോത്ഥാന ശ്രമങ്ങൾ ഇടവഴികളിൽനിന്നും രാജപാതകളിൽനിന്നും ക്ഷേത്രകവാടങ്ങളിൽനിന്നും ജാതിയെ തുരത്തിയിരിക്കാം. എന്നാൽ ജാതി ഏതു സുരക്ഷിത താവളത്തിലേക്കാണ് പിൻവാങ്ങിയതെന്ന് അറിയാത്തവർ നോവലിലെ ധർമ്മപാലൻ എന്ന ..എസ്സുകാരനെ കാണുമ്പോൾ അതു തിരിച്ചറിയും. ധർമ്മപാലൻ ആവുന്നതിനു മുമ്പ് അയാൾ അനുഭവിച്ച ജീവിതത്തിന്റെ കാഠിന്യവും ധർമ്മപാലന്റെ സഹനങ്ങളുടെ ആഴങ്ങളും നമുക്കുനേരെ തന്നെ പിടിച്ച കണ്ണാടികളിലാണ് തെളിയുന്നത്.
നൂറു സിംഹാസനങ്ങൾ ഒരു നായാടിക്കഥയല്ല എന്നറിയുന്നതുപോലെ പ്രാധാന്യമുള്ള കാര്യമാണ് അത് നമ്മുടെ ഭൂതകാലത്തെ ആവിഷ്കരിക്കുന്ന ഒരു  കൃതിയല്ല എന്നറിയുന്നതും. 1982ലാണ് പ്രജാനന്ദ സ്വാമി സമാധിയാകുന്നത്. മൂന്നോ നാലോ വർഷത്തിനു ശേഷമാണ് ധർമ്മപാലൻ സർവ്വീസിലെത്തുന്നത്. എന്നുവെച്ചാൽ അയാൾ ഇപ്പോഴും സർവ്വീസിൽ ഉണ്ടായിരിക്കണം. നമ്മുടെ ജാതിക്കെറുവുകളുടെ ഇരയായി പരിഹാസപാത്രമായി ഓരോ നിമിഷവും അവഹേളിതനായി……..
എന്നാൽ ഇതിനേക്കാൾ അയാളെ അലട്ടുന്ന വേദനിപ്പിക്കുന്ന  ഒരു പ്രശ്നമുണ്ട്. ഗുരുവായ പ്രജാനന്ദനു നൽകിയ, പാലിക്കാനാവാതെപോയ വാക്കാണത്.
അമ്മയെ വിടരുത് കേട്ടോ…… അവളെ ഒപ്പം കൂട്ടിക്കോഎന്തുവന്നാലും അവളെ കൈവിടരുത്……. …….’ അവസാന കൂടിക്കാഴ്ചയിൽ പ്രജാനന്ദ സ്വാമി ധർമ്മപാലനോട് പറയുന്നുണ്ട്.
കാപ്പനെ ധർമ്മപാലനിലേക്കു പരിവർത്തിപ്പിച്ച പ്രജാനന്ദനിലെ സാമൂഹ്യപ്രവർത്തകനെയും പൊളിറ്റീഷ്യനെയും തിരിച്ചറിയുവാൻ ശേഷിയുള്ള ഒരു വായനക്കരനെ സംബന്ധിച്ചിടത്തോളം സ്വാമിയുടെ വാക്കുകളുടെ പൊരുൾപേരുപോലും വ്യക്തമല്ലാത്ത അമ്മയുടെ സാമൂഹ്യമാനം വ്യക്തമാണ്. ഗുരുവചനത്തിന്റെ സാമൂഹ്യമാനങ്ങൾ തിരിച്ചറിയുവാൻ കഴിവുള്ള ശിഷ്യൻ തന്നെയായിരുന്നു ധർമ്മപാലനെന്ന് ഇന്റർവ്യൂ സമയത്തെ അയാളുടെ വാക്കുകൾ വ്യക്തമാക്കുന്നു. ധർമ്മപാലന്റെ നിഴലുപോലും പിന്നീട് എങ്ങും കാണുന്നേയില്ല. ഗുരുവിന്റെ വാക്കുകൾ അതിന്റെ ഉപരിപ്ലവതലത്തിൽ പോലും പ്രാവർത്തികമാക്കാൻ കഴിയാത്തവിധം വ്യവസ്ഥിതിയാൽ ഹൈജാക്ക് ചെയ്യപ്പെടുകയോ നിശ്ചേതനാക്കപ്പെടുകയോ ചെയ്ത ധർമ്മപാലനെയാണ് നോവലിലുടനീളം കാണുന്നത്. അതു തന്നെയായിരിക്കണം ധർമ്മപാലന്റെ ഏറ്റവും കടുത്ത ദുഃഖം.

    നമ്മുടെ രാഷ്ട്രീയ വിപ്ലവ പ്രവർത്തനങ്ങളും സാമൂഹ്യപരിവർത്തന ശ്രമങ്ങളും ചരിത്രഗവേഷണങ്ങളും കടന്നുചെല്ലാത്ത ഇടങ്ങളിലെ ജീവിതവുമായി ചില കൃതികൾ ഇടയ്ക്ക് ഉയർന്നുവരുന്നു. മേല്പറഞ്ഞ പ്രവർത്തനങ്ങൾ കടന്നുചെന്ന ഇടങ്ങളെ സംബന്ധിച്ച നമ്മുടെ ധാരണകളിലെ, അവകാശവാദങ്ങളിലെ പിശകുകൾ തിരുത്തുവാൻ നൂറുസിംഹാസനങ്ങൾപോലെയുള്ള കൃതികൾ കാരണമാകുന്നു. ജയമോഹന്റെ പുസ്തകം മലയാളിയുടെ എഴുത്തിൽ, വായനയിൽ,സമൂഹത്തെ സംബന്ധിക്കുന്ന ചിന്തകളിൽ ചില തകർക്കലുകളും പുതുക്കിപ്പണിയലുകളും ആവശ്യപ്പെടുന്നുണ്ട്

നൂറു സിംഹാസനങ്ങൾ
നോവൽ
ജയമോഹൻ


    

1 അഭിപ്രായം: